കണ്ണൂർ: വനിത ജയിൽ തടവുകാരിൽ എം.ഡി.എം.എ പിടിച്ചെടുത്ത സംഭവത്തിൽ വടകര കൊട്ടക്കടവ് സ്വദേശിനി റോഷ്നി സാവിയോ എന്ന സാബിറ (33), തലശേരി ചാലിൽ സ്വദേശിനി പി.കെ. റുബൈദ (39) എന്നിവർക്കെതിരെ ടൗൺ പൊലീസ് കേസെടുത്തു. 0.31 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. ലഹരി മരുന്നുമായി പിടിയിലായ ഇരുവരും കഴിഞ്ഞ ദിവസമാണ് റിമാൻഡിലായി വനിത ജയിലിലെത്തിയത്. വനിത ജയിൽ സൂപ്രണ്ട് ഇൻ ചാർജ് സ്മിത പറമ്പന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ടൗൺ എസ്.ഐ ടി.കെ അഖിൽ, സീനിയർ സി.പി.ഒ ബിജു, സി.പി.ഒ ഷിജില എന്നിവർ ജയിൽ ജീവനക്കാരുടെ സാന്നിദ്ധ്യത്തിൽ പ്രതികളെ ചോദ്യം ചെയ്തു. വനിത ജയിലിൽ പ്രഭാത കൃത്യത്തിനിടെ സാബിറയിൽ നിന്നാണ് സ്റ്റീൽ ഗ്ലാസിൽ ഒളിപ്പിച്ച നിലയിൽ സിപ്പ് ലോക്ക് കവറിൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തത്. റുബൈദയാണ് മയക്കുമരുന്ന് നൽകിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
കഴിഞ്ഞ ദിവസം ഇരിട്ടി പൊലീസിന്റെ 192 ഗ്രാം എം.ഡി.എം.എ വേട്ടയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോക്സോ കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്ന സാബിറ പിടിയിലായി ജയിലിലെത്തിയത്. എം.ഡി.എം.എ കച്ചവടവും നടത്തിയിരുന്ന സാബിറ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളിൽ മാറ്റം വരുത്തി റോഷ്നി സാവിയോ എന്ന പേരിലായിരുന്നു ആൾമാറാട്ടം നടത്തി വന്നത്. കർണാടകയിലും മിസോറാമിലും ലഹരി സംഘങ്ങളുമായി ബന്ധമുള്ള സാബിറയെ കേരളത്തിൽ നിന്ന് മിസോറാമിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തൃശ്ശൂർ ജില്ലയുടെ അതിർത്തിയിൽ വെച്ചാണ് ഇരിട്ടി പൊലിസ് പിടികൂടിയത്.
ന്യൂമാഹിയിൽ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസിലാണ് റുബൈദ വനിത ജയിലിലെത്തിയത്. റുബൈദയ്ക്കെതിരെ തലശ്ശേരി, ന്യൂമാഹി, മട്ടന്നൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലും ലഹരിമരുന്നു കേസുകൾ നിലവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |