SignIn
Kerala Kaumudi Online
Wednesday, 14 October 2026 1.35 AM IST

24 മണിക്കൂർ സ്പെഷ്യാലിറ്റി: പുനലൂർ താലൂക്ക് ആശുപത്രിയിൽ റഫറൽ 33 ശതമാനം കുറഞ്ഞു

punaloor

കൊല്ലം: 24 മണിക്കൂർ സ്പെഷ്യാലിറ്റി നടപ്പാക്കി പൂർണസമയം സ്പെഷ്യലിസ്റ്റുകളുടെ സേവനം ലഭ്യമായതോടെ പുനലൂർ താലൂക്ക് ആശുപത്രിയിൽ മറ്റ് ആശുപത്രികളിലേക്കുള്ള റഫറൽ 33 ശതമാനം കുറഞ്ഞു. നേരത്തെ 15 പേരെ വരെ റഫർ ചെയ്തിരുന്നിടത്ത് ഇപ്പോൾ പ്രതിദിനം ശരാശരി പത്തുപേരെ മാത്രമാണ് റഫർ ചെയ്യുന്നത്.

നേരത്തെ ഉച്ചയ്ക്ക് ഒ.പി അവസാനിക്കുന്നതോടെ വലിയൊരു വിഭാഗം സ്പെഷ്യലിസ്റ്റുകളുടെയും സേവനം അവസാനിക്കുമായിരുന്നു. അതുകൊണ്ട് ഉച്ചയ്ക്ക് ശേഷവും രാത്രിയിലും സങ്കീർണാവസ്ഥയിൽ എത്തുന്ന രോഗികളെ റഫർ ചെയ്ത് തലയൂരുന്ന സ്ഥിതിക്കാണ് പരിഹാരമായിരിക്കുന്നത്. ന്യൂറോ സർജൻ, ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ്, ഗ്യാസ്ട്രോ എൻഡ്രോളജിസ്റ്റ് എന്നിവർ പരിശോധിക്കേണ്ട കേസുകളാണ് ഇപ്പോൾ പ്രധാനമായും റഫർ ചെയ്യുന്നത്.

ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ റഫറലാണ് കുറഞ്ഞത്. പരിഷ്കാരം പാവപ്പെട്ടവർക്കും സാധാരണക്കാർക്കും കൂടുതൽ ഗുണകരമായി. കൊല്ലം ജില്ലാ ആശുപത്രിയിലും വിക്ടോറിയയിലും 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം നടപ്പാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പുതിയ സ്പെഷ്യലിസ്റ്റുകൾ

 വർക്കിംഗ് അറേഞ്ച്മെന്റിൽ എട്ട് നിയമനം

 എട്ടുപേരും സ്പെഷ്യലിസ്റ്റ് യോഗ്യതയുള്ളവർ

 എൻ.എച്ച്.എം മുഖേന നാല് ഡോക്ടർമാർ

 മൂന്നുപേർ സ്പെഷ്യലിസ്റ്റ് യോഗ്യതയുള്ളവർ

 മെഡി. കോളേജുകളിൽ നിന്ന് ആറ് പി.ജി വിദ്യാർത്ഥികൾ

തുടങ്ങിയത്

സെപ്തംബർ 1ന്

ഒ.പിയിലെത്തുന്നവർ കൂടി

24 മണിക്കൂർ സ്പെഷ്യാലിറ്റി ആരംഭിച്ചതോടെ ഒ.പിയിലെത്തുന്നവരുടെ എണ്ണം 1900ത്തിൽ നിന്ന് 2100ലേക്ക് ഉയർന്നു. കിടത്തി ചികിത്സയിലുള്ളവരുടെ എണ്ണം 200ൽ നിന്ന് ശരാശരി 230 ആയി. ശസ്ത്രക്രിയകളുടെ എണ്ണത്തിലും നേരിയ വർദ്ധനവുണ്ട്. അസ്ഥികളുടെ പൊട്ടൽ അടക്കമുള്ളവയ്ക്കുള്ള മൈനർ പ്രോസീജിയറുകൾ ദിവസം ശരാശരി 10 വീതം നേരത്തേയുള്ളതിനേക്കാൾ അധികം നടക്കുന്നുണ്ട്.

24 മണിക്കൂർ സ്പെഷ്യാലിറ്റി പ്രതീക്ഷാനിർഭരമായ മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങൾക്കിടിയിലും അനുകൂല പ്രതികരണമാണ്.

ഡോ. കെ.ആർ.സുനിൽകുമാർ

സൂപ്രണ്ട്, പുനലൂർ താലൂക്ക് ആശുപത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL