കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധനരാജ് കൊല്ലപ്പെട്ട കേസിൽ നവംബർ 25ന് കോടതി വിധി പറയും. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ അന്തിമ വാദം പൂർത്തിയായി. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരായ 20 പേരാണ് പ്രതികൾ. ജില്ലയെ ഒരു വർഷത്തോളം സംഘർഷഭരിതമാക്കിയ കൊലപാതക പരമ്പരയുടെ തുടക്കമായിരുന്നു ഈ കേസ്. സംഭവം നടന്ന് പത്ത് വർഷവും നാല് മാസവും പിന്നിടുമ്പോഴാണ് വിധി വരുന്നത്.
2016 ജൂലായ് 11ന് രാത്രി പത്തോടെ രാമന്തളി കുന്നരുവിലെ വീട്ടുമുറ്റത്താണ് ധനരാജ് ആക്രമിക്കപ്പെട്ടത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ധനരാജിന് അന്ന് 38 വയസ്സായിരുന്നു. അമ്മയും ഭാര്യയും നോക്കിനിൽക്കെയാണ് ആക്രമണമുണ്ടായതെന്ന് കേസ് രേഖകൾ പറയുന്നു. ഗുരുതരമായി വെട്ടേറ്റ ധനരാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ ധനരാജിന്റെ അമ്മ സി.വി മാധവിയും ഭാര്യ സജിനിയും ഉൾപ്പെടെയുള്ള സാക്ഷികളെ കോടതി വിസ്തരിച്ചു.
ധനരാജ് കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകം, അർധരാത്രിയോടെ അന്നൂരിൽ ബി.എം.എസ് നേതാവും ഓട്ടോ ഡ്രൈവറുമായ സി.കെ. രാമചന്ദ്രൻ (52) കൊല്ലപ്പെട്ടു. വീട്ടിലേക്ക് നാടൻബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. ഇരു കേസുകളിലുമായി പ്രതിപ്പട്ടികയിൽ ഇരുപക്ഷത്തുമുള്ള നിരവധി പേർ ഉൾപ്പെട്ടു. രാമചന്ദ്രൻ വധക്കേസിൽ 22 സിപിഎം പ്രവർത്തകരെ പ്രതിചേർത്തു. 2016ൽ എട്ടുപേർ അറസ്റ്റിലായി. ധനരാജ് കേസിൽ 2016ൽ 15 പേർ അറസ്റ്റിലായി. ഇരു പാർട്ടികളും ഹർത്താൽ ആചരിച്ചു.
സംഘർഷഭരിതമായ കാലഘട്ടം
ധനരാജ്, രാമചന്ദ്രൻ കൊലപാതകത്തെ തുടർന്ന് ജില്ലയുടെ പല ഭാഗത്തും ഒരുവർഷത്തോളം സംഘർഷവും അക്രമവുമുണ്ടായി. സ്ഥിതി വിലയിരുത്താൻ അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്ര പയ്യന്നൂരിലെത്തി. രണ്ട് കൊലപാതകങ്ങളും കണ്ണൂരിലെ സി.പി.എം-ആർ.എസ്.എസ് സംഘർഷത്തെ ദേശീയ ശ്രദ്ധയിലേക്ക് തിരികെയെത്തിച്ചു. കൂടുതൽ ആക്രമണങ്ങളുണ്ടായാൽ കേന്ദ്രത്തിന് ഇടപെടേണ്ടി വരുമെന്ന് ബി.ജെ.പി ദേശീയ നേതൃത്വം മുന്നറിയിപ്പ് നൽകി. 2017 ജനുവരിയിൽ സമാധാന ചർച്ച നടത്തി. ഇതിനു പിന്നാലെ, 2017 മേയ് 12ന് കേസിലെ പന്ത്രണ്ടാം പ്രതിയും ആർ.എസ്.എസ് കക്കമ്പാറ മണ്ഡൽ കാര്യവാഹകുമായ ചൂരക്കാട് ബിജു കൊല്ലപ്പെട്ടു. ധനരാജിന്റെ സുഹൃത്തുക്കളായ സി.പി.എം പ്രവർത്തകരാണ് ഇതിനു പിന്നിലെന്നും പ്രതികാര കൊലയാണെന്നുമായിരുന്നു പൊലീസ് നിഗമനം.
രക്തസാക്ഷി ഫണ്ടും വിവാദവും
ധനരാജിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ടിൽ തിരിമറി നടന്നുവെന്ന് പാർട്ടി ജില്ലാ കമ്മിറ്റി അംഗവും പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറിയുമായ വി. കുഞ്ഞികൃഷ്ണന്റെ ആരോപണം പാർട്ടിയെ പിടിച്ചുലച്ചു. പിന്നാലെ അദ്ദേഹത്തെ പാർട്ടി പുറത്താക്കി. സ്വതന്ത്രനായി മത്സരിച്ച കുഞ്ഞികൃഷ്ണൻ പാർട്ടി കോട്ടയായ പയ്യന്നൂരിൽ സി.പി.എമ്മിനെ അട്ടിമറിച്ച് നിയസഭാംഗവുമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |