മുട്ടം: ദേശീയ തപാൽ വാരാഘോഷത്തിന്റെ ഭാഗമായി ഇടുക്കി പോസ്റ്റൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ 'ഡാക് ചൗപാൽ' പരിപാടി നാളെ മുട്ടം റൈഫിൾ ക്ലബ് ഹാളിൽ നടക്കും. തപാൽ വകുപ്പിന്റെ വൈവിദ്ധ്യമാർന്ന സേവനങ്ങളെ കുറിച്ച് പൊതുജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുക, കേന്ദ്ര സർക്കാരിന്റെ കന്യ സമൃദ്ധി യോജന, പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പോലെയുള്ള ഏറ്റവും ചിലവുകുറഞ്ഞതും എന്നാൽ ഏറ്റവും മികച്ചതുമായ പദ്ധതികളിൽ എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യങ്ങളോടെയാണ് ഡാക് ചൗപൽ സംഘടിപ്പിക്കപ്പെടുന്നത്. പോസ്റ്റൽ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ പോസ്റ്റ് ഓഫീസുകളിലും പോസ്റ്റൽ വകുപ്പിന്റെ വിവിധ പദ്ധതികൾ സ്കൂളുകൾ വഴിയും പ്രധാന വാർഡുകൾ വഴിയും ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്. തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ, ഡാം സേഫ്റ്റി ചീഫ് എൻജിനിയർ കെ. ബിജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ മദ്ധ്യമേഖല പോസ്റ്റ്മാസ്റ്റർ ജനറൽ ടി. നിർമലാദേവി ഉദ്ഘാടനം നിർവ്വഹിക്കും. തുടർന്ന് ഇടുക്കി ആർച്ച് ഡാമിന്റെ ചിത്രം ആലേഖനം ചെയ്ത തപാൽ മുദ്രയും സ്പെഷ്യൽ കവറും പുറത്തിറക്കും. ഇതേദിവസം സമ്പൂർണ സുകന്യ സമൃദ്ധി വിദ്യാലയങ്ങൾ, സമ്പൂർണ്ണ സുകന്യ സമൃദ്ധി ഗ്രാമങ്ങൾ, സമ്പൂർണ്ണ ബീമാ ഗ്രാമങ്ങൾ എന്നിവയുടെ പ്രഖ്യാപനവും നടക്കുമെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |