
പട്ടാമ്പി: കൊപ്പം നഗരത്തിൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റ് സംവിധാനം ഫലപ്രദമായില്ല, അനുബന്ധ സംവിധാനങ്ങൾ ഒരുക്കാത്തതാണ് പ്രധാന കാരണം. ഇതോടെ നഗരത്തിൽ അപകടങ്ങളും പതിവാകുകയാണ്. ഏറ്റവും ഒടുവിൽ സിഗ്നൽ ലൈറ്റിന് സമീപം ഓട്ടോറിക്ഷ ബൈക്കിലും സ്കൂട്ടറിലുമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ഭാഗ്യം കൊണ്ടുമാത്രമാണ് വലിയദുരന്തം വഴിമാറിയത്. പട്ടാമ്പി-പുലാമന്തോൾ പാതയിലെയും ചെർപ്പുളശ്ശേരി-വളാഞ്ചേരി പാതയിലെയും പ്രധാന നഗരമാണ് കൊപ്പം. നാലും കൂടിയ കൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ സിഗ്നൽ സംവിധാനം സ്ഥാപിച്ചത്. വലിയ പ്രതിഷേധങ്ങൾക്കുശേഷമായിരുന്നു സിഗ്നൽ സംവിധാനം മാസങ്ങൾക്കുമുമ്പ് പ്രാവർത്തികമാക്കിയത്.
ഒരു മിനിറ്റിലേറെ സിഗ്നലിൽ ഏർപ്പെടുന്ന വാഹനങ്ങൾ കടന്നുപോകുന്ന വേളയിലാണ് പലപ്പോഴും കാൽനടയാത്രക്കാർ റോഡുമുറിച്ച് കടക്കുക. ഇത് വലിയ പരാതിക്ക് ഇടവരുത്തിയിരുന്നു. ബസുകൾ തോന്നും പോലെ സിഗ്നലിന് സമീപം നിർത്തി ആളെ കയറ്റുന്നതുമെല്ലാം വാഹനഗതാഗതത്തെ ബാധിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണണമെന്ന് താലൂക്ക് വികസനസമിതിയിലടക്കം പരാതിയുയർന്നിരുന്നു.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേർന്നെങ്കിലും നടപടിയില്ല
സിഗ്നൽ ലൈറ്റിനോട് ചേർന്നുള്ള സിബ്രാലൈനുകൾ മാറ്റി സ്ഥാപിക്കൽ, ബസ് സ്റ്റോപ്പുകൾ 50 മീറ്ററോളം മാറ്റിസ്ഥാപിക്കൽ, അനധികൃത പാർക്കിംഗ്, ഗതാഗതത്തിന് തടസമായി നിൽക്കുന്ന വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കൽ എന്നിവയാണ് മാസങ്ങളായും നടപടികളാവാതെ കിടക്കുന്നത്. സീബ്രാലൈനുകൾ മാറ്റിസ്ഥാപിക്കാത്തതുമൂലം സിഗ്നൽ സംവിധാനത്തിലൂടെ കാൽനടയാത്രക്കാർ റോഡുമുറിച്ച് കടക്കുന്നത് അപകടങ്ങൾക്ക് ഇടവരുത്തുകയാണ്. അനുബന്ധ സംവിധാനമൊരുക്കണമെന്ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പാക്കിയില്ല.
ഗതാഗതത്തിന് തടസമായി വൈദ്യുത തൂണുകളും
വാഹനഗതാഗതത്തിന് തടസമായി നിൽക്കുന്ന വൈദ്യുത തൂണുകൾ മാറ്റിസ്ഥാപിക്കുന്ന കാര്യത്തിലും അനിശ്ചിത്വം തുടരുകയാണ്.
പെരിന്തൽമണ്ണ റോഡിലും മുളയൻകാവ് റോഡിനോടു ചേർന്നുമുള്ള തൂണുകളാണ് തടസമായി നിൽക്കുന്നത്.
ഇത് മാറ്റാൻ കഴിയാത്ത സാഹചര്യമാണെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്.
ഇവ മാറ്റാത്തതു മൂലം സിഗ്നൽ സംവിധാനത്തിന് സമീപം ഇടതുവശത്തിലൂടെയുള്ള യാത്ര തടസപ്പെടുകയാണ്.
അനധികൃത പാർക്കിംഗിന്റെ കാര്യത്തിലും നടപടിയെടുക്കുന്നതിൽ തീരുമാനമായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |