SignIn
Kerala Kaumudi Online
Sunday, 01 November 2026 5.58 AM IST

ഭാസ്കരപൊതുവാളിനും ആർ.സി.കരിപ്പത്തിനും കേരള പിറവിദിനത്തിൽ ഫോക്‌ലോ‌ർ അക്കാഡമിയുടെ ആദരം

bhaskara-pothuval

പയ്യന്നൂർ: ഭാഷ പരിപോഷണത്തിനും നാടോടിവിജ്ഞാനത്തിനുമായി ജീവിതം ഉഴിഞ്ഞുവച്ച അദ്ധ്യാപകരായ പയ്യന്നൂർ അന്നൂരിലെ ടി.പി.ഭാസ്‌കര പൊതുവാൾ , ഡോ.ആർ.സി.കരിപ്പത്ത് എന്നിവരെ കേരള പിറവിയുടെ എഴുപതാം വാർഷികദിനത്തിൽ ഫോക്‌ലോ‌ർ അക്കാഡമി ആദരിക്കുന്നു.ഇന്ന് രാവിലെ 10ന് പയ്യന്നൂർ മലയാള ഭാഷാപാഠശാലയിൽ നടക്കുന്ന ചടങ്ങ് വി.കുഞ്ഞികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും .

മാതൃഭാഷയുടെ വളർച്ചയ്ക്കും പ്രചാരണത്തിനുമായി സ്വന്തം ജീവിതവും പെൻഷൻ തുകയും ഉഴിഞ്ഞുവെച്ച മലയാളഭാഷാ പാഠശാല ഡയറക്ടർ കൂടിയായ ടി.പി.ഭാസ്‌കര പൊതുവാൾ 82-ാം വയസ്സിലും ഭാഷാസംരക്ഷണത്തിനും ഉന്നമനത്തിനുമായി പ്രവർത്തിച്ചുവരികയാണ്. പെൻഷൻ തുക ഉപയോഗിച്ച് 2002ൽ കണ്ണൂർ താവക്കരയിൽ ആരംഭിച്ച മലയാള ഭാഷാ പാഠശാല പിന്നീട് അന്നൂരിലെ സ്വന്തം വീട്ടിലേക്ക് മാറ്റുകയായിരുന്നു. ഭാഷയുടെ ശുദ്ധിക്കായി ഇദ്ദേഹം ആവിഷ്കരിച്ച 'കുട്ടികളുടെ കളിമുറ്റം', 'മധുരം മധുരം മലയാളം' പ്രശംസ പിടിച്ചുപറ്റിയിരുന്നു. 25 ഓളം നാടകങ്ങൾ രചിച്ച് സംവിധാനം ചെയ്ത ഭാസ്കരപൊതുവാളിന്റെ 'ഉദയസങ്ക്രാന്തി' ആയിരത്തഞ്ഞൂറോളം വേദികളിലാണ് എത്തിയത്.1998 ൽ സംസ്ഥാന സർക്കാറിന്റെ മികച്ച അദ്ധ്യാപകനുള്ള പുരസ്കാരം നേടിയ ഇദ്ദേഹത്തിന് 2006ൽ ഭാഷാ പ്രതിഭാ പുരസ്‌കാരവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം , ഭാഷാ പണ്ഡിത രത്ന പട്ടം പുരസ്‌കാരം എന്നിവയാണ് മറ്റ് പ്രധാന അംഗീകാരങ്ങൾ.

തെയ്യപ്രപഞ്ചത്തിന്റെ ഉൾപൊരുളറിഞ്ഞ കരിപ്പത്ത്
ഉത്തര മലബാറിന്റെ തനത് നാടോടി സംസ്കാരത്തെയും തെയ്യം അനുഷ്ഠാനങ്ങളെയും കുറിച്ച് അരനൂറ്റാണ്ടിലേറെക്കാലം സമഗ്ര പഠനം നടത്തിയ ഡോ. ആർ.സി. കരിപ്പത്ത് പ്രമുഖ ഫോക്‌ലോർ ഗവേഷകനാണ്.ലോക പ്രസിദ്ധ ഫോക്‌ലോറിസ്റ്റായ ഇദ്ദേഹത്തെ തേടി വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ഗവേഷകർ എത്താറുണ്ട്.

ഇദ്ദേഹത്തിന്റെ " തെയ്യ പ്രപഞ്ച"മെന്ന ഗ്രന്ഥം , തെയ്യംകലയുടെ നിഘണ്ടുവായാണ് വിശേഷിപ്പിക്കപ്പെടുന്നത്. 13 -ാം നൂറ്റാണ്ടിൽ എഴുതിയ " തിരുനിഴൽ മാല" എന്ന പ്രാചീന താളിയോല കണ്ടെടുത്ത് കണ്ണൂർ സർവ്വകലാശാലക്ക് വേണ്ടി വ്യഖ്യാന സഹിതം തമിഴ് - മലയാൺമ പാട്ടു ഗ്രന്ഥം തയ്യാറാക്കി നൽകിയിട്ടുണ്ട്. മാവിലരുടെ ജീവിതവും സംസ്കാരവും എന്ന വിഷയത്തിൽ പി.എച്ച്.ഡി. കരസ്ഥമാക്കി. കോലത്തുനാട്ടിലെ തെയ്യങ്ങൾ, വരവിളി, പത്തമുദയം തുടങ്ങി നാടോടി വിജ്ഞാനീയ മേഖലയിൽ ശ്രദ്ധേയമായ നിരവധി കൃതികൾ അദ്ദേഹത്തിന്റേതായുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL