തിരുവനന്തപുരം: തെരുവുനായ വിഷയവും തൃക്കണ്ണാപുരത്തെ സി.പി.എം കൗൺസിലർ അജിനെതിരായ വിജിലൻസ് അന്വേഷണവും ചർച്ചയായതോടെ നഗരസഭാ കൗൺസിൽ യോഗം പ്രക്ഷുബ്ധമായി. ഇതിനിടെ എൽ.ഡി.എഫ്-യു.ഡി.എഫ്-ബി.ജെ.പി അംഗങ്ങൾ പരസ്പരം ചേരിതിരിഞ്ഞ് പലതവണ ബഹളം വച്ചു.
മേയറുടെ അധികാരം ഉപയോഗിച്ച് അജിനെ കൗൺസിൽ യോഗത്തിൽ നിന്ന് മാറ്റിനിറുത്തണമെന്ന് ബി.ജെ.പി അംഗം പാപ്പനംകോട് സജി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എൽ.ഡി.എഫ് എടുക്കണമെന്ന് കോൺഗ്രസിലെ കെ.എസ്.ശബരീനാഥനും പറഞ്ഞു. എന്നാൽ അന്വേഷണത്തിലിരിക്കുന്ന കേസിന്റെ മെരിറ്റ് കോടതി തീരുമാനിക്കട്ടെയെന്നായിരുന്നു എൽ.ഡി.എഫ് നേതാക്കളുടെ വാദം.
കോവളം സ്പാ കേസുമായി ബന്ധപ്പെട്ട് പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് സസ്‌പെന്റ് ചെയ്‌ത നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപിനെ സർവീസിൽ നിന്ന് നീക്കുന്നതിന് സർക്കാരിന് കത്ത് നൽകുന്നതുസംബന്ധിച്ച പ്രമേയം കൗൺസിൽ ഐകകണ്‌ഠ്യേന പാസാക്കി. കൊച്ചി നഗരസഭയുടെ സി.എച്ച്.ഇ.ഡി മാതൃകയിൽ സർക്കാർ അനുമതിയോടെ പുതിയ സൊസൈറ്റി രൂപീകരിക്കുന്നതിനുള്ള തുടർനടപടികൾക്കും കൗൺസിൽ അംഗീകാരം നൽകി. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് നിർദ്ദേശം പാസാക്കിയത്.
2020-21 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലെ ഗുരുതരമായ കണ്ടെത്തലുകളും യോഗത്തിൽ ചർച്ചയായി. നികുതി അടയ്ക്കാനായി ഏകദേശം 250പേർ നൽകിയ ചെക്കുകൾ പണമാക്കാത്തതിലൂടെ നഗരസഭയ്ക്ക് ഏഴുകോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കൗൺസിലർ വി.ഹരികുമാർ ചൂണ്ടിക്കാട്ടി. വിഷയം ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കിയ മേയർ വി.വി.രാജേഷ്, അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സെക്രട്ടറിക്ക് കൈമാറുമെന്നും ആവശ്യമെങ്കിൽ വിജിലൻസ് അന്വേഷണത്തിനായി ശുപാർശ ചെയ്യുമെന്നും അറിയിച്ചു.
ഇതിനിടെ സിന്ധു ശശിയുടെ വാർഡിൽ അങ്കണവാടി വർക്കർമാരെ ആദരിക്കുന്നതിനായി മേയറും സ്ഥിരംസമിതി അദ്ധ്യക്ഷ സത്യവതിയുമെത്തിയപ്പോൾ വാർഡ് കൗൺസിലർ സിന്ധു ശശിയെ അറിയിച്ചില്ലെന്നാരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു. തുടർന്ന് അജിന്റെ കേസുമായി ബന്ധപ്പെട്ട വാദപ്രതിവാദത്തിനൊടുവിൽ എൽ.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.
തെരുവുനായ വിഷയത്തിൽ മേയർ തെറ്റായ വിവരങ്ങൾ നൽകിയെന്ന വിഴിഞ്ഞം വാർഡ് കൗൺസിലർ സുധീർ ഖാന്റെ ആരോപണവും യോഗത്തിൽ ചർച്ചയായി. തെരുവുനായ വിഷയത്തിലെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. കൗൺസിൽ ഹാജർ രജിസ്റ്ററിൽ ഒപ്പിടും മുമ്പ് ആർ.സുഗതൻ പ്രതിപക്ഷാംഗങ്ങളോടായി താനിതാ ഒപ്പിടാൻ പോവുകയാണെന്നും ഇനി ആരും കണ്ടില്ലെന്ന് പറയരുതെന്നും മൈക്കിലൂടെ പറഞ്ഞു. തെരുവ് നായ്ക്കൾക്കായി എല്ലാ വാർഡുകളിലും ഷെൽട്ടർ സ്ഥാപിക്കാൻ തീരുമാനിച്ചു. പിന്നീട് ഔദ്യോഗിക അജണ്ടകളും അനുബന്ധ അജണ്ടകളും പാസാക്കിയ ശേഷം കൗൺസിൽ യോഗം പിരിഞ്ഞു.
ആർ.സുഗതന് സ്വീകരണം
നൽകി ബി.ജെ.പി
മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും നഗരസഭയിലെത്തിയ ആർ.സുഗതന് ബി.ജെ.പി വാഴോട്ടുകോണം ഏരിയാ കമ്മിറ്രിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സ്വീകരണം നൽകി. ആരതിയുഴിഞ്ഞും സിന്ദൂരം ചാർത്തിയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കോർപ്പറേഷൻ ഓഫിസിനുള്ളിലേക്ക് സ്വീകരിച്ചു. കൗൺസിൽ ഹാളിൽ സുഗതന്റെ വകയായി മധുര വിതരണവുമുണ്ടായിരുന്നു. എന്നാൽ എൽ.ഡി.എഫ്,യു.ഡി.എഫ് അംഗങ്ങൾ മധുരം സ്വീകരിച്ചില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |