SignIn
Kerala Kaumudi Online
Sunday, 01 November 2026 5.58 AM IST

സ്വർണ വ്യാപാരിയുടെ കാർ അക്രമിച്ച് സ്വർണവും ഒന്നരക്കോടിയും കവർന്ന സംഘത്തലവൻ വയനാട്ടിൽ പിടിയിൽ

ph-1

പയ്യന്നൂർ: മഹാരാഷ്ട്രയിൽ നിന്നും തലശേരിയിലേക്ക് വരുന്നതിനിടെ എടാട്ട് വച്ച് സ്വർണ്ണ വ്യാപാരി കുമാർ ജലന്തർ നിഗമിനെയും കുടുംബത്തെയും ആക്രമിച്ച് കാർ തട്ടിയെടുത്ത് 250ഗ്രാം സ്വർണ്ണവും ഒന്നരക്കോടി രൂപയും കവർന്ന ഹൈവേ കൊള്ളസംഘത്തലവൻ വയനാട് പുൽപ്പള്ളി പെരിക്കല്ലൂർ സ്വദേശി ചക്കാലക്കൽ ഹൗസിൽ എം.ജി.സുജിത്തിനെ(31) അന്വേഷണചുമതലയുള്ള പയ്യന്നൂർ ഡിവൈ.എസ്.പി പി.കെ.മണിയും സംഘവും വയനാട്ടിൽ വച്ച് പിടികൂടി.കേസിൽ കൂട്ടുപ്രതികളായ ചിറ്റാരിപ്പറമ്പ് വട്ടോളിയിലെ കുന്നുമ്മൽഹൗസിൽ പി.സായൂജ് (29), മാനന്തേരി ഉഴിഞ്ഞാട് സ്വദേശി എം.സുന്ദരൻ (42) ,ചിറ്റാരിപ്പറമ്പ് മാനന്തേരിയിലെ ശോഭനാനിവാസിൽ ടി.സുസ്മിത് (37) തലശേരി വടക്കുമ്പാട് മഠത്തും ഭാഗം സ്വദേശി എൻ.അതുൽ(33), മട്ടന്നൂർ പഴശ്ശിയിലെ സൗരവ് നിവാസിൽ സൗരവ് സുനി (26), മട്ടന്നൂർ ദേവർക്കാട് ചെറുമൽ ഹൗസിൽ വി.വി.ജ്യോതിഷ് (33),ചൊക്ലി നെടുമ്പ്രം സ്വദേശി നുച്ചിന്റവിട ഹൗസിൽ അഭിനവ് (27) ,കണ്ണപുരം ചെറുകുന്ന് പൂങ്കാവ് സ്വദേശി ആരംഭൻ ഹൗസിൽ കുട്ടൻ എന്ന ജിജിൽ(38), മാലൂർ കുണ്ടേരിപൊയിലിലെ അശ്വന്ത്(26), പാപ്പിനിശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് (34) എന്നിവരെ എസ്.ഐ.ടി.സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ സംഘത്തലവൻ ഉൾപ്പെടെ 13 പ്രതികൾ പിടിയിലായി.

ഈ കവർച്ചയ്ക്ക് പുറമെ ഏഴോളം ഹൈവേക്കൊള്ള കേസുകളിലെ പ്രതിയാണ് ഈയാൾ. കൂടാതെ മീനങ്ങാടി, താമരശ്ശേരി, കോഴിക്കോട്, കൂത്തുപറമ്പ്, കണ്ണൂർ സിറ്റി എന്നിവിടങ്ങളിൽ രജിസ്റ്രർ ചെയ്ത കേസുകളിലും പ്രതി ജയിലിൽ കിടന്നിട്ടുണ്ട്. വയനാട്ടിലെ നിരവധി കേസിൽ പ്രതിയായതിനെ തുടർന്ന് ഈയാൾക്കെതിരെ കാപ്പയും ചുമത്തിയിരുന്നു. ഈയാൾ രക്ഷപ്പെടാൻ ശ്രമിച്ച ജമ്മു കാശ്മീർ രജിസ്‌ട്രേഷനുള്ള കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ കേസിൽ റിമാൻഡിലുള്ള ചിറ്റാരിപ്പറമ്പ് മാനന്തേരി പൂവത്തിൻ കീഴിലെ വി.ജിഷ്ണുവിനെ (28) അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി ആലപ്പുഴയിൽ എത്തിച്ച് തെളിവെടുത്തു. അവിടെ നിന്നും വിലപിടിപ്പുള്ള മൊബൈൽ ഫോണുകളും പെൻഡ്രൈവും കണ്ടെടുത്തു. ഈയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രതികൾ കവർച്ചക്കെത്തിയ രണ്ട് ഇന്നോവയടക്കം മൂന്ന് വാഹനങ്ങളും നേരത്തെ അന്വേഷണസംഘം പിടികൂടിയിരുന്നു.നാട്ടിൽ നിന്നും തലശേരിയിലേക്ക് വരുന്നതിനിടെയാണ് കുമാർ ജലന്തർ നിഗമും ഭാര്യയും രണ്ടു കുട്ടികളും ഡ്രൈവറും സഞ്ചരിച്ച കാർ കഴിഞ്ഞ ജൂൺ രണ്ടിന് പുലർച്ചെ അഞ്ചിന് ദേശീയപാതയിൽ എടാട്ട് വച്ച് കൊള്ള സംഘം ആക്രമിച്ചത്. തട്ടിയെടുത്ത കാർ പിന്നീട് പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ജനവാസമില്ലാത്ത പ്രദേശത്ത് തകർത്ത നിലയിൽ കണ്ടെത്തിയിരുന്നു.

കണ്ണൂർ റൂറൽ എസ്.പി. ഉമേഷ് ഗോയലിന്റെ കീഴിലുള്ള എസ്.ഐ.ടി സംഘത്തിൽ ഡിവൈ.എസ്.പിക്ക് പുറമെ എസ്.ഐ.മോഹനൻ, റൂറൽ എസ്.പിയുടെ ക്രൈം സ്‌ക്വാഡിലെ എ.എസ്.ഐമാരായ സെയ്ദ് , ശ്രീകാന്ത്, നൗഫൽ അഞ്ചില്ലത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ.ജയദേവ്,എ.എം.ഷിജോയ് ,അഷറഫ്, അബ്ദുൾ ജബ്ബാർ, ഇ.കെ.ഷിജിത്ത് , സൈബർസെൽ വിദഗ്ദൻ അബി സിനാൻ എന്നിവരാണുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL