SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ കർഷകർക്ക് ഇരട്ടി ആശ്വാസം

ph-1
കുരങ്ങ് നശിപ്പിച്ച തേങ്ങകൾ

കണ്ണൂർ: വന്യമൃഗ ശല്ല്യത്തെ തുടർന്ന് കൃഷിനാശം സംഭവിക്കുന്ന കർഷകർക്കുള്ള നഷ്ടപരിഹാരത്തുക ഇരട്ടിയാക്കിയുള്ള സർക്കാർ ഉത്തരവ് മലയോര കർഷകർക്ക് ആശ്വാസമാകുന്നു . കൊട്ടിയൂർ, കേളകം, കണിച്ചാർ, ആലക്കോട്, ശ്രീകണ്ഠപുരം തുടങ്ങിയ മലയോര മേഖലയിലുള്ള കർഷകരാണ് വന്യജീവി ശല്ല്യത്തിൽ ഏറെ ദുരിതമനുവിക്കുന്നത്. പത്ത് വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷമാണ് സർക്കാരിന്റെ പുതിയ ഉത്തരവ് ആശ്വാസം പകരുന്നത്.

ഇനി മുതൽ തേങ്ങ ഒന്നിന് 15 രൂപയും കൊക്കോയ്ക്ക് കിലോഗ്രാമിന് 30 രൂപയും നഷ്ടപരിഹാരമായി ലഭിക്കും. കുരങ്ങുകൾ ഉൾപ്പെടെയുള്ള വന്യജീവികൾ തേങ്ങ നശിപ്പിക്കുന്നതിനും കൊണ്ടുപോകുന്നതിനും തുക അനുവദിക്കും. മുമ്പ് തെങ്ങ് പൂർണമായി നശിച്ചാൽ മാത്രം നൽകിയിരുന്ന സഹായമാണ് ഇപ്പോൾ വിളവെടുത്ത തേങ്ങയ്ക്കും ലഭ്യമാക്കുന്നത്. കൊക്കോ കൃഷിനാശത്തിനും ആദ്യമായാണ് നഷ്ടപരിഹാരം ഏർപ്പെടുത്തുന്നത്. 2015ന് ശേഷമാണ് നഷ്ടപരിഹാര നിരക്കുകളിൽ മാറ്റം വരുത്തുന്നത്.

കുടിശിക വിതരണം ചെയ്യണം

നഷ്ടപരിഹാരം വർദ്ധിപ്പിച്ചതുകൊണ്ട് മാത്രം കർഷകരുടെ ദുരിതങ്ങൾക്ക് പൂർണ പരിഹാരമാകില്ലെന്ന് മലയോര വാസികൾ പറഞ്ഞു. വർഷങ്ങളായി കുടിശികയായി കിടക്കുന്ന നഷ്ടപരിഹാര തുകകൾ അടിയന്തരമായി വിതരണം ചെയ്യാൻ സർക്കാർ തയാറാകണം. അപേക്ഷകൾ നൽകി വർഷങ്ങളോളം ഓഫിസുകൾ കയറിയിറങ്ങേണ്ട സങ്കീർണമായ നടപടിക്രമങ്ങൾക്ക് പകരം ഡിജിറ്റൽ സംവിധാനത്തിലൂടെ വേഗത്തിൽ തുക ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇതിനൊപ്പം ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ തകരാറിലായ സൗരോർജ്ജ വേലികൾ അറ്റകുറ്റപ്പണി നടത്തുകയും, പ്രധാന അതിർത്തികളിൽ ആനമതിലുകളും കിടങ്ങുകളും ഹാംഗിംഗ് സോളാർ ഫെൻസിംഗും നിർമ്മിക്കുകയും വേണം. കാട്ടാനയും കടുവയും ഇറങ്ങുന്നതിൽ ഇടപെടാൻ കൂടുതൽ ആർ.ആർ.ടി ടീമുകളെ മേഖലയിൽ നിയോഗിക്കണമെന്നും മലയോരനിവാസികൾ ആവശ്യപ്പെട്ടു.

മലയോര കർഷകരുടെ ദീർഘകാലത്തെ പ്രതിസന്ധി കണ്ടറിഞ്ഞ് നഷ്ടപരിഹാര തുക ഇരട്ടിയാക്കാനും കൊക്കോയ്ക്കും തേങ്ങയ്ക്കും ചരിത്രത്തിലാദ്യമായി നഷ്ടപരിഹാരം അനുവദിക്കാനും തയാറായ സംസ്ഥാന സർക്കാരിന്റെ തീരുമാനം അത്യന്തം സ്വാഗതാർഹമാണ്. കർഷകജനതയോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയും കരുതലും വിളിച്ചോതുന്ന ഈ ഇടപെടൽ കർഷകർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

ലിസി ജോസഫ്, പ്രസിഡന്റ്, കേളകം പഞ്ചായത്ത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, WILD ANIMALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL