കട്ടപ്പന : ഉപ്പുതറ ടൗണിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. മൂന്നിടങ്ങളിൽ നിന്ന് പണവും സാധനങ്ങളും നഷ്ടപ്പെട്ടു. രണ്ട് സ്ഥാപനങ്ങളുടെ പൂട്ട് തകർക്കാനും ശ്രമം നടന്നു. 31ന് രാത്രിയിൽ ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ഉപ്പുതറ പാലം ജംക്ഷനിൽ ഉള്ള എബിഎം സൂപ്പർമാർക്കറ്റിൽ നിന്ന് 6800 രൂപയും സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പണ്ടാരത്തുണ്ടിയിൽ സാലിയുടെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയിൽ നിന്ന് 9000 രൂപ നഷ്ടപ്പെട്ടു. പാഴൂപള്ളിൽ സതീഷിന്റെ ഉടമസ്ഥതയിലുള്ള തെളിമ സോപ്പുകടയിൽ നിന്ന് 200 രൂപയും നഷ്ടപ്പെട്ടു. താജ് സൂപ്പർമാർക്കറ്റിന്റെയും മറ്റൊരു മലഞ്ചരക്ക് കടയുടെയും താഴ് തകർത്തെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് നിഗമനം. എസ്എച്ച്ഒ ബേബി ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |