SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.20 AM IST

അഭിമാനപൂർവം പിലിക്കോട് ഗവ.യു.പി. സ്കൂൾ: സ്വാതന്ത്ര്യസമരാനുഭവത്തിന് പൂരക്കളിയായി പുനർജനി

poorakkali

പിലിക്കോട് : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ പിലിക്കോട് ഗവ. യു.പി.സ്കൂളിലെ 75 കുട്ടികൾ അരങ്ങിലെത്തിച്ച സ്വാതന്ത്ര്യ സമര ചരിത്ര പൂരക്കളി നാടിന് വ്യത്യസ്ത അനുഭവമായി. സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായ ടി.എസ് .തിരുമുമ്പിന്റെ പിലിക്കോട് കാർഷിക സംസ്കൃതി ​​പഠനകേന്ദ്രത്തിലെ പ്രതിമയ്ക്കു മുന്നിൽ അദ്ദേഹത്തിന്റെ മകൾ പി.സി. പ്രസന്നകുമാരി കൊളുത്തിയ ദീപശിഖ സ്കൂൾ ഓഡിറ്റോറിയത്തിലൊരുക്കിയ പൂരക്കളിക്കളത്തിലെത്തിച്ചാണ് നിലവിളക്ക് കൊളുത്തിയത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ നാഴികല്ലുകൾ കോർത്തിണക്കി രൂപകല്പന ചെയ്ത ചരിത്ര പൂരക്കളിയാണ് അവതരണത്തിന്റെ വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധേയമായത്. പൂരക്കളിയുടെ ആദ്യ രണ്ടു നിറങ്ങളും മുഴുവനായി പ്രതിഫലിപ്പിക്കുന്നതിൽ കുട്ടികൾ കാണിച്ച മെയ് വഴക്കം മുഖ്യാതിഥിയായി വേദിയിൽ ഉണ്ടായിരുന്ന പ്രശസ്ത പൂരക്കളി -മറത്തുകളി ആചാര്യൻ പി.പി.മാധവൻ പണിക്കരടക്കമുള്ളവർ കുട്ടികളുടെ പൂരക്കളി നന്നായി ആസ്വദിച്ചു. കൈമെയ് മറന്ന് ചടുലതയോടെയായിരുന്നു അവതരണം. ഒന്നാം സ്വാതന്ത്ര്യ സമരത്തിനു മുമ്പും പിമ്പുമുള്ള ചരിത്രങ്ങൾ പൂരക്കളിയിലൂടെ ആവിഷ്കരിച്ചത് ക്ലാസുമുറിയിലെ പഠനത്തിനപ്പുറത്തേക്കുള്ള മറ്റൊരു ചുവടുവെപ്പായി മാറി. പൂരക്കളിയുടെ വശ്യത ഒട്ടും ചോരാതെ പതിനെട്ടു നിറങ്ങളിൽ അവസാനമായ തൊഴുതു പാട്ടിലൂടെ ദേശാഭിമാനികളായ ചരിത്ര നായകന്മാരെ പ്രാധാന്യത്തോടെ അരങ്ങിലെത്തിച്ചു.

സാമൂഹികവും പാരിസ്ഥിതികവുമായ സംഭവങ്ങൾ ഉൾപ്പെടുത്തി നവ ആവിഷ്കാര രീതിയിലൂടെ ജനമനസ്സുകളെ കൂടുതൽ ബോധവത്ക്കരിക്കുകയാണ് കുട്ടികളുടെ തുടർ ലക്ഷ്യം. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി ഉദ്ഘാടനം നിർവഹിച്ചു. . പി.ടി.എ പ്രസിഡന്റ് മനോജ് കെ. അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കൃഷ്ണൻ നിർവഹിച്ചു. എൻഡോവ്മെന്റ് വിതരണം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി.സുലോചനനിർവഹിച്ചു. ചടങ്ങിൽ ചരിത്രപൂരക്കളിയുടെ വരികൾ രചിച്ച എൻ. വി. പ്രകാശൻ പണിക്കർ, പരിശീലകരായ ഭജിത്ത് മാനായി, ഷാജി പിലിക്കോട് എന്നിവരെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.അജിത ,എം.പി.ടി.എ പ്രസിഡന്റ് മനോജ്ഞ നരേന്ദ്രൻ, സീനിയർ അസിസ്റ്റന്റ് കെ.സുജാത എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എം.സുനിൽകുമാർ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL