SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

കെ.എസ്.ആർ.ടി.സിയിലെ വിനോദയാത്രയ്ക്ക് ഇനി സംഗീതത്തിന്റെ അകമ്പടി

ksrtc

കാഞ്ഞങ്ങാട്: വിനോദ സഞ്ചാരത്തിനു പോകുന്ന കെ.എസ്.ആർ.ടി.സി ബസിലെ മ്യൂസിക് സിസ്റ്റത്തിന്റെ പരിമിതികൾ പരിഹരിക്കാൻ കാഞ്ഞങ്ങാട്ടെ കെ.എസ്.ആർ.ടി.സി ജീവനക്കാർ. ബജറ്റ് ടൂറിസം കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് കാഞ്ഞങ്ങാട് ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ഥിരം ശബ്ദ സംവിധാനമൊരുക്കുന്നത്. ഇതിന്റെ ചെലവ് പൂർണമായും ജീവനക്കാരാകും വഹിക്കുക.

ശബ്ദസംവിധാനമൊരുക്കുന്നതിന് 18,000 രൂപയോളമാകുമെന്നാണ് കണക്കാക്കുന്നത്. ജീവനക്കാർ നൂറും ഇരുന്നൂറും രൂപയിട്ട് ഈ പണം കണ്ടെത്തുകയാണ്. 200 ജീവനക്കാരാണ് കാഞ്ഞങ്ങാട് ഡിപ്പോയിൽ ഉള്ളത്. സൗണ്ട് ബോക്സ്, മൈക്ക്, യു.എസ്.ബി. തുടങ്ങിയവയാണ് വാങ്ങുക. രണ്ടു ദിവസത്തിനുള്ളിൽ സ്ഥിര ശബ്ദസംവിധാനം ബസിൽ ഒരുങ്ങുമെന്ന് ടൂർ കോർഡിനേറ്റർ പ്രദീപ് പറഞ്ഞു.
ക്രിസ്‌മസ് അവധിക്കാല യാത്രകൾ കൂടി മുന്നിൽ കണ്ടാണ് ഈ മാറ്റങ്ങൾ. ബജറ്റ് ടൂറിസം ശക്തിപ്പെട്ടതിനാൽ ഈ സംവിധാനം വകുപ്പുതലത്തിൽ തന്നെ പ്രാവർത്തികമാകുമെന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. അതുവരെ ജീവനക്കാർ വാങ്ങിച്ച സംവിധാനം ഉപയോഗിക്കും. യാത്രക്കാരുടെ അഭ്യർത്ഥന മാനിച്ച് വിനോദയാത്രകളിലെല്ലാം വാടകയ്‌ക്കെടുത്താണ് ഇതുവരെ ശബ്ദ സംവിധാനം ഉപയോഗിച്ചതെന്നും ഇനി സ്വന്തം സംവിധാനം ഉപയോഗിച്ച് യാത്ര പോകാമെന്നും ജീവനക്കാർ പറഞ്ഞു. ശബ്ദ ഉപകരണങ്ങൾക്ക് വാടകയിനത്തിൽ കൊടുക്കേണ്ടി വരുന്നത് 900 രൂപ വരെയാണ്. ജീവനക്കാർ തന്നെയാണ് ഇതും വഹിച്ചിരുന്നത്.

കാഞ്ഞങ്ങാട് ഡിപ്പോയിൽ നിന്നു നാലു തവണയാണ് ഇതിനകം യാത്ര പോയത്. നാലും വയനാട്ടിലേക്കായിരുന്നു. ആഴ്ചയിലൊരു തവണയും കൂടുതൽ അവധികൾ ഒരുമിച്ചുണ്ടായാൽ ആ ദിവസങ്ങളിലുമൊക്കെയാണ് യാത്ര പോകാൻ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ പ്രധാനപ്പെട്ട ഇടങ്ങളിലേക്കെല്ലാം ഇവിടെ നിന്നും സർവീസ് ഉണ്ട്. യാത്ര തുടങ്ങുമ്പോൾ പോകുന്ന സ്ഥലത്തെ കുറിച്ച് ജീവനക്കാർ യാത്രക്കാർ പരിചയപ്പെടുത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL