
കാസർകോട്: മുഴുവൻ വാഹനങ്ങളിലും ഡാഷ് ബോർഡ് ക്യാമറകൾ സ്ഥാപിക്കണമെന്ന 2021ലെ കേന്ദ്ര നിർദ്ദേശത്തോട് മുഖം തിരിച്ച് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിന്റെ കീഴിലുള്ള 200 വാഹനങ്ങളിൽ 100 എണ്ണത്തിൽ മാത്രമാണ് ഡാഷ് ബോർഡ് ക്യാമറകളുള്ളത്.
വാഹനത്തിന്റെ ഉൾവശവും മുൻവശവും ഒരുപോലെ റിക്കാർഡ് ചെയ്യുന്നതാണ് ഡാഷ് ബോർഡ് ക്യാമറകൾ. റോഡിലെ കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ അടക്കം പിടിച്ചെടുക്കാനും ഇത് സഹായികമാണ്.
2021ലെ കേന്ദ്ര നിർദേശം പ്രകാരം 2023ൽ മോട്ടോർ വാഹന വകുപ്പ് വാങ്ങിയത് 100 ഡാഷ് ക്യാമറകൾ മാത്രമാണ്. മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേയ്സ് നോട്ടിഫിക്കേഷൻ 2021 റൂൾ 167 എ പ്രകാരം എൻഫോഴ്സ്‌മെന്റ് ഏജൻസികൾ ബോഡി വോൺ ക്യാമറകളും, വാഹനങ്ങളിൽ ഡാഷ് ബോർഡ് ക്യാമറകളും സ്ഥാപിക്കാൻ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. എന്നാൽ മോട്ടോർ വാഹന വകുപ്പ് തന്നെ 2021ലെ നിർദേശം 2023ൽ മാത്രമാണ് നടപ്പിലാക്കിയത്.
100 ഡാഷ് ക്യാമറകൾ വാങ്ങിയതിൽ 14 എണ്ണം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒമാർക്കും 86 എണ്ണം ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിലേക്കുമാണ് നൽകിയത് എന്നുമാണ് എം.വി ശിൽപരാജിന് നൽകിയ വിവരാവകാശ രേഖകൾ പറയുന്നത്. കേന്ദ്ര നിർദ്ദേശ പ്രകാരം വാങ്ങിയ ബോഡി ക്യാമറകൾക്ക് തിരുവനന്തപുരം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ അപാകതകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു.
ആദ്യം പിന്തുണച്ചു, പിന്നെ...
നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ മറ്റ് വാഹനങ്ങൾ ഇടിച്ചുണ്ടാകുന്ന അപകടങ്ങളും മോഷണ ശ്രമങ്ങളുമെല്ലാം തടയാൻ സഹായിക്കുന്ന ഡാഷ് ക്യാമറ ഘടിപ്പിക്കുന്നതിനെ പിന്തുണച്ച് തുടക്കത്തിൽ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ രംഗത്തുവന്നിരുന്നു. ഡാഷ് ക്യാമറയുടെ ഉപയോഗവും പ്രയോജനങ്ങളും വിവരിച്ച് വകുപ്പ് ഫെയ്‌സ് ബുക്ക് കുറിപ്പും ഇറക്കി. മലയാള സിനിമ സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫിന്റെ വാഹനത്തിന് ഉണ്ടായ അപകടത്തെ ഉദ്ധരിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ തന്നെ വാഹനങ്ങളിൽ പോലും ഡാഷ് ബോർഡ് ക്യാമറകൾ സ്ഥാപിക്കുന്നതിൽ നിന്ന് പിന്നോട്ടുപോകുകയായിരുന്നു വകുപ്പ്.
സ്വകാര്യ വാഹനങ്ങളിലുമാകാം
1.ഡാഷ് ബോർഡിൽ ക്യാമറയുണ്ടെങ്കിലുള്ള ഏറ്റവും വലിയ ഗുണം സ്വന്തം വാഹനം അപകടത്തിൽപെട്ടാലോ, തട്ടോ മുട്ടോ
മൂലം തർക്കമോമറ്റോ ഉണ്ടായാൽ സഹായകകരമാകും
2.സിസിടിവി ക്യാമറ പോലെ പൊലീസിനെ പലഘട്ടത്തിലും സഹായിക്കാൻ ഡാഷ്‌ബോർഡ് ക്യാമറയ്ക്കു കഴിയും
2000 രൂപ മുതൽ
വാഹനങ്ങളിൽ ഘടിപ്പിക്കാവുന്ന ഡാഷ് ബോർഡ് ക്യാമറകൾ 2000 രൂപ മുതൽ ഓൺലൈനിൽ കിട്ടും. 3000– 4000 രൂപ കൊടുക്കാൻ തയ്യാറായാൽ കാറിനു പുറത്തുള്ള കാഴ്ചയും കാറിനുള്ളിലെ കാഴ്ചയും
ഒരേപോലെ റെക്കോർഡ് ചെയ്യാവുന്നതും എൽ.സി.ഡി സ്‌ക്രീൻ ഉള്ളതുമായ ക്യാമറകൾ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |