നീലേശ്വരം: ദേശീയപാത 66-ലെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം ജനകീയ സമരസമിതി സമരത്തിന്റെ 126-ാം ദിനത്തിൽ സമൂഹ നിരാഹാരം സംഘടിപ്പിക്കും. അനിശ്ചിതകാല സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് 26 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ സമൂഹ നിരാഹാരം. മയിച്ചയിലും പെരുമ്പയിലും കുപ്പത്തും മണ്ണിന്റെ ഘടന ഉയർത്തിയ മൺതിട്ട നിർമ്മാണത്തിന് അനുയോജ്യമല്ലെന്നും, അത് സുരക്ഷാ ഭീഷണിയാണെന്നും കണ്ടെത്തിയതിനെ തുടർന്ന് നിലവിലുള്ള റോഡ് പൊളിച്ചുമാറ്റി ആകാശ പാത നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി കരാർ കമ്പനിയായ മേഘ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ പ്രദേശങ്ങളിലേതിന് സമാനമായ ഭൗമശാസ്ത്രപരമായ ഘടനയും സാഹചര്യവും തന്നെയാണ് നീലേശ്വരത്തും നിലനിൽക്കുന്നത്. ഇവിടെ നീലേശ്വരത്ത് നടത്തിയ സോയിൽ ടെസ്‌റ്റിംഗ് ഡാറ്റ പ്രകാരം, 15 മീറ്റർ ആഴത്തിൽ ഉറപ്പില്ലാത്ത കളിമണ്ണിന്റെ സാന്നിധ്യമുണ്ട്.
ശാസ്ത്രീയമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇവിടെയും ഫ്ലൈഓവർ നിർമ്മിക്കണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെടുന്നു. 25 വൈകിട്ട് 6 മണിക്ക് കോൺവെന്റ് ജംഗ്ഷനിൽ നിന്നും മാർക്കറ്റ് വരെ വിളംബര ജാഥ നടത്തും. തുടർന്ന് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 130-ാം ദിവസം 30ന് കണ്ണൂർ ഓഫീസിലേയ്ക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ ചെയർമാൻ ടി.സി.വി. ശ്രീനാഥ് ശശി, കൺവീനർ ഡി.രാജൻ, പി.രാജു, കെ.പി.ജയരാജൻ, മുഹമൂദ് കോട്ടായി, പ്രകാശൻ കൊട്ടറ, കൈപ്പാട്ടിൽ വിജയൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |