SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

ഇ.വി.എം ഹാക്കിംഗ് ആരോപണം: ഉദുമയിലെ യു.ഡി.എഫിന്റെ ശോഭ കെടുത്താൻ -അഡ്വ. ബി.എം. ജമാൽ

jamal
അഡ്വ. ബി.എം. ജമാൽ

കാസർകോട്: ഇ.വി.എം ഹാക്കിംഗുമായി ബന്ധപ്പെട്ട് തന്റെ പേരിൽ ഉയർന്ന ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നും ആരോപണം ഉദുമയിലെ യു.ഡി.എഫിന്റെ ശോഭ കെടുത്താനാണെന്നും അഡ്വ. ബി.എം. ജമാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഘട്ടത്തിൽ താൻ ഉദുമ മണ്ഡലത്തിലെ ചീഫ് ഏജന്റായ കെ. നീലകണ്ഠനുമായി മാത്രമാണ് സ്ഥിരമായി ബന്ധപ്പെട്ടിരുന്നതെന്നും, യു.ഡി.എഫ് സ്ഥാനാർഥികളായ കല്ലട്ര മാഹിൻ ഹാജിയെയോ എ.കെ.എം. അഷ്റഫിനെയോ തിരഞ്ഞെടുപ്പ് കാലത്ത് നേരിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂട്ടിക്കിടന്നിരുന്ന തന്റെ വാടകവീട് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തകർക്ക് വാടകപോലും വാങ്ങാതെ ഉപയോഗിക്കാൻ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയാണുള്ളതെന്ന് ജമാൽ ആരോപിച്ചു. ആരോപണം ഉന്നയിക്കുന്നവർ ആരാണ് പണം നൽകിയതെന്നും ആർക്കാണ് പണം നഷ്ടപ്പെട്ടതെന്നും വ്യക്തമാക്കുന്നില്ല. യഥാർത്ഥത്തിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെങ്കിൽ, അതുസംബന്ധിച്ച് മൂന്ന് സ്ഥാനാർഥികളും വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷാനവാസ് പാദൂരിനെ തന്റെ പേരിൽ ആരാണ് ബന്ധപ്പെട്ടതെന്ന് അറിയില്ലെന്നും, തന്റെ പേര് പറഞ്ഞ് ആരെങ്കിലും പണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഗൗരവമായി അന്വേഷിക്കണമെന്നും ജമാൽ പറഞ്ഞു. വഖഫ് ബോർഡ് സി.ഇ.ഒ. ആയിരുന്ന കാലത്ത് സർക്കാർ ഓഡിറ്റിന് വിധേയനായ വ്യക്തിയാണ് താനെന്നും, തന്നെ താറടിക്കാൻ എടുത്ത വിജിലൻസ് കേസ് പോലും കോടതി തള്ളിയതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കോൺഗ്രസിൽ പുനഃസംഘടനാ പ്രവർത്തനങ്ങൾ നടക്കാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് ഇപ്പോഴത്തെ ആരോപണങ്ങൾ ഉയർന്നതെന്നാണ് തന്റെ വിലയിരുത്തൽ. ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കുന്നതായി ചില നേതാക്കൾ അറിയിച്ചിരുന്നുവെന്നും, അതാണ് ഇത്തരമൊരു പ്രചാരണത്തിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ, പാർട്ടി തീരുമാനിച്ചാൽ ഏത് ചുമതലയും ഏറ്റെടുക്കും. സംഘടനാ വിഷയങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്യാൻ താത്പര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും 31 വർഷമായി സ്വന്തമായി വാഹനം പോലുമില്ലാത്ത വ്യക്തിയാണ് താനെന്നും നിലവിൽ അഞ്ച് രൂപ അംഗത്വമുള്ള ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകൻ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, LOCAL VEKKAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL