SignIn
Kerala Kaumudi Online
Thursday, 06 August 2026 1.42 AM IST

ചരിത്ര സാക്ഷിയായി അഡൂർ ക്ഷേത്രപറമ്പിൽ പീരങ്കികൾ

peeranki-
അഡൂർ മഹാലിംഗേശ്വര ക്ഷേത്ര പറമ്പിൽ കണ്ടെത്തിയ പീരങ്കികൾ പരിശോധിക്കുന്നു

അഡൂർ(കാസർകോട്): ദേലമ്പാടി ഗ്രാമപഞ്ചായത്തിലെ അഡൂർ മഹാലിംഗേശ്വര ക്ഷേത്രത്തിൽ ചരിത്ര സാക്ഷിയായി പീരങ്കികൾ. പതിനെട്ടാം നൂറ്റാണ്ടിലോ അതിനുമുമ്പോ തീതുപ്പിയ പീരങ്കികൾ ക്ഷേത്ര പറമ്പിൽ ഒരു കാലഘട്ടത്തിലെ പടയോട്ടത്തിന്റെ ചരിത്ര ശേഷിപ്പായി കിടക്കുന്നത് അഡൂർ ശിലാശാസനം, ഗജ പ്രഷ്ട മാതൃകയിൽ മൂന്ന് നിലകളിയായുള്ള ക്ഷേത്ര നിർമ്മിതി, സത്യക്കല്ല്, ശില്പങ്ങൾ കൊണ്ട് വ്യത്യസ്തമായ ബലിക്കല്ല് എന്നിവ കൊണ്ടും ഐതിഹ്യ പെരുമ കൊണ്ടും പ്രശസ്തമായ മഹാലിംഗേശ്വര ക്ഷേത്രത്തിന്റെ ചരിത പ്രധാന്യം വർദ്ധിപ്പിക്കുന്നു.

അഡൂർ ശിലാശാസനത്തെക്കുറിച്ച് പഠനം നടത്തുന്നതിനായി ക്ഷേത്രം സന്ദർശിച്ച കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്ര വിഭാഗം മേധാവി ഡോ. നന്ദകുമാർ കോറോത്ത്, ക്ഷേത്രപറമ്പിൽ സംരക്ഷിച്ചു വച്ചിരിക്കുന്ന പീരങ്കികൾ ശ്രദ്ധിക്കുകയും ചരിത്ര പ്രാധാന്യം വിലയിരുത്തുകയും ചെയ്തു.

രണ്ട് പീരങ്കികളും നിർമ്മിച്ചത് സങ്കര ലോഹം കൊണ്ടാണ്. പീരങ്കികളിൽ ഒന്ന് പല ദിശകളിലേക്ക് തിരിക്കുന്നതിനുള്ള കൈപ്പിടി ഉൾപ്പെടെ 96 സെന്റിമീറ്റർ നീളവും കൈപ്പിടിയില്ലാത്ത രണ്ടാമത്തേതിന് 90 സെന്റീമീറ്റർ നീളവുമാണുള്ളത്. ചക്രങ്ങളിൽ ഉറപ്പിക്കാൻ പാകത്തിൽ പീരങ്കികളുടെ രണ്ട് ഭാഗത്തും പിടികൾ ഉണ്ട്. പീരങ്കിയുടെ മുകൾ ഭാഗത്ത് സിലിണ്ടറിലേക്ക് വെടിമരുന്ന് നിറയ്ക്കുവാൻ ചെറിയ സുഷിരമുണ്ട്. പീരങ്കികളുടെ വലുപ്പം ചെറുതാണെന്നുള്ളത് സൈനിക മുന്നേറ്റത്തിൽ ചക്രങ്ങൾ ഘടിപ്പിച്ച് പടയോട്ടക്കാലത്ത് ശത്രു സൈനികർക്ക് നേരെ വിന്യസിച്ചതായിരിക്കാമെന്ന സൂചനയാണ് നൽകുന്നത്.

വിദേശ രാജ്യങ്ങളുടെ മുദ്രയോ നിർമ്മിച്ച വർഷമോ പീരങ്കികളിൽ വ്യക്തമായി ദൃശ്യമല്ലെന്നതും തദ്ദേശീയ നിർമ്മാണ രീതിയാണ് അവലംബിച്ചിട്ടുള്ളതെന്നതും ദക്ഷിണ കാനറയിൽ ബ്രിട്ടീഷാധിപത്യം സ്ഥാപിക്കപ്പട്ട ക്രിസ്തുവർഷം 1800ന് മുമ്പായിരിക്കാം ഇത് ന‌ിർമിച്ചതെന്ന് വ്യക്തമാക്കുന്നു. ഒരു കാലഘട്ടത്തിലെ ഏറ്റുമുട്ടലുകളുടെയും പ്രതിരോധത്തിന്റെയും ചരിത്ര സാക്ഷിയായി ഇന്നും പീരങ്കികൾ സംരക്ഷിച്ചു വെച്ചിട്ടുണ്ടെന്നത് ക്ഷേത്ര അധികൃതരുടെ ചരിത്രബോധത്തിന്റെ തെളിവാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, PEERANKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL