
കൊച്ചി: പാലാരിവട്ടം സംസ്കാര ജംഗ്ഷന് സമീപം കൈതോത്ത് ലെയിനിലെ വാടക വീട്ടിൽ ഏഴ് അന്യസംസ്ഥാനക്കാരെ കത്തികാട്ടിയും യുവതികളെ വിവസ്ത്രരാക്കിയും കവർച്ച ചെയ്ത കേസിൽ ആറ് പ്രതികളെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കവർച്ചയിൽ നേരിട്ട് പങ്കെടുത്തവരിൽ 4 പേരും ആസൂത്രണം ചെയ്ത രണ്ട് പേരുമാണ് 48 മണിക്കൂറിനകം വലയിലായത്. കവർച്ചയിൽ നേരിട്ട് പങ്കാളിയായ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. നാല് പ്രതികളെ ഇന്നലെ സംഭവസ്ഥലത്തിച്ച് തെളിവെടുപ്പ് നടത്തി. തിരിച്ചറിയൽ പരേഡിന് വിധേയരാക്കാൻ തീരുമാനിച്ചതിനാൽ പേരുവിവരങ്ങൾ പുറത്തു വിട്ടില്ല.
കവർച്ച ആസൂത്രണം ചെയ്തവരിൽ ഒരാൾ മലയാളിയും മറ്റൊരാൾ അസാം സ്വദേശിയുമാണ്. കവർച്ചാ സംഘത്തിലെ രണ്ട് പേർ അസാം സ്വദേശികളും മൂന്നുപേർ മലയാളികളും മുൻകാല കുറ്റവാളികളുമാണ്.
പാലക്കാട്, കോട്ടയം, കൊല്ലം ജില്ലകളിൽ പൊലീസ് നടത്തിയ ദ്രുതഗതിയിലുള്ള നീക്കമാണ് പ്രതികളെ കുടുക്കിയത്. കവർച്ചാ സംഘത്തിൽപ്പെട്ട രണ്ട് അന്യസംസ്ഥാനക്കാർ കേരളം വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ കവർന്ന 3.50 ലക്ഷം രൂപയുടെ 10 മൊബൈൽ ഫോണുകളും 1.20 ലക്ഷം രൂപയിൽ ഒരു ഭാഗവും പ്രതികളിൽ നിന്ന് കണ്ടെടുത്തു. 1.80 ലക്ഷം രൂപയുടെ സ്വർണാഭരണം, ബാക്കി പണം, മാരകായുധങ്ങൾ, എന്നിവയ്ക്കായി അന്വേഷണം തുടരുന്നു. എറണാകുളം എ.സി.പിയുടെ ക്രൈം സ്ക്വാഡും പാലാരിവട്ടം പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കവർച്ചയിലേക്ക് നയിച്ചത്
പെൺവാണിഭ ഇടപാടിലെ തർക്കം
എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് മാസങ്ങളായി നടന്ന പെൺവാണിഭ ഇടപാടിലെ ലാഭം പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട തർക്കമാണ് പാലാരിവട്ടത്തെ കവർച്ചയിൽ കലാശിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. കവർച്ചയ്ക്ക് ഇരയായ ഏഴ് പേരും കവർച്ച ആസൂത്രണം ചെയ്ത രണ്ടു പേരും ഈ ഇടപാടിലെ കണ്ണികളാണ്. എറണാകുളത്ത് പെൺവാണിഭം തുടരുന്നതിനിടെ എട്ട് മാസം മുമ്പ് പ്രതികളും ഇരകളും തമ്മിൽ സാമ്പത്തിക തർക്കം ഉണ്ടായതായി പൊലീസ് പറഞ്ഞു, രണ്ട് ലക്ഷം രൂപ വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പ്രതികളുമായി തെറ്റിപ്പിരിഞ്ഞ യുവതികളുൾപ്പെട്ട ഏഴംഗ സംഘം പാലാരിവട്ടം പൈപ്പ്‌ലൈനിലെ സംസ്കാര ജംഗ്ഷന് സമീപം വാടകവീട് കേന്ദ്രീകരിച്ച് പെൺവാണിഭം തുടങ്ങി.
തുടർന്നാണ് അസാം സ്വദേശിയും കൂട്ടാളിയായ മലയാളിയും ചേർന്ന് പണം തിരിച്ചു പിടിക്കാൻ കവർച്ച ആസൂത്രണം ചെയ്തതും അഞ്ചംഗ സംഘത്തിന് ക്വട്ടേഷൻ നൽകിയതും. കവർച്ചയെക്കുറിച്ച് പൊലീസിൽ അറിയിച്ചാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം കടന്നത്. അസാം സ്വദേശിയായ ഫിസ്ദുൾ ഹഖ് പുലർച്ചെ 3ന് തന്നെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചെങ്കിലും പെൺവാണിഭത്തെക്കുറിച്ചും സാമ്പത്തിക തർക്കത്തെക്കുറിച്ചും വെളിപ്പെടുത്തിയില്ല. ശാസ്ത്രീയ, ഡിജിറ്റൽ തെളിവുകൾ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് പെൺവാണിഭ ഇടപാട് പൊലീസ് കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |