ചെറുവത്തൂർ: എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വെളിച്ചംതോട് സ്ഥാപിക്കുകയും രണ്ടര മാസം മാത്രം പ്രവർത്തിക്കുകയും ചെയ്ത സർവീസ് സ്റ്റേഷനെതിരെ നടന്നുവരുന്ന വ്യാജ പ്രചാരണങ്ങൾ തള്ളി സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കാൻ അധികൃതർ സാഹചര്യം ഒരുക്കണമെന്ന് ഉടമയും ബന്ധപ്പെട്ടവരും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലീസിന് എടുത്ത 65 സെന്റ് സ്ഥലത്ത് ചെറുകിട വ്യവസായ സംരംഭമായി കഴിഞ്ഞ മാർച്ച് 16 ന് ഉദ്ഘാടനം ചെയ്ത സ്മാർട്ട് ലൈൻ ഓട്ടോ സർവീസ് സെന്റർ ചില സ്ഥാപിത താല്പര്യക്കാരുടെ ഇടപെടൽ മൂലം രണ്ടര മാസം മാത്രമാണ് പ്രവർത്തിച്ചത്.
പൊലൂഷൻ കൺട്രോൾ ബോർഡിന്റെയും കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിന്റെയും റവന്യു വകുപ്പിന്റെയും ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളും അനുമതി പത്രവും സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. അധികൃതർ പരിശോധന നടത്തിയാണ് അനുമതി നൽകിയത്. വായ്പ എടുത്തും സ്വർണ്ണം പണയം വെച്ചും കിട്ടിയ 40 ലക്ഷം രൂപ ചെലവിൽ ആണ് സർവീസ് സ്റ്റേഷൻ തുടങ്ങിയത്. സ്ഥാപനത്തിന് പ്രവർത്തിക്കാൻ അനുമതി നൽകിയില്ലെങ്കിൽ കുടുംബത്തോടെ ആത്മഹത്യ ചെയ്യൽ അല്ലാതെ മറ്റൊരു പ്രതിവിധിയും കാണുന്നില്ല. മലിനജലം പൈപ്പ് വഴി ഒഴുക്കിവിടാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഓയിലും ഗ്രീസും മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്ക്കരിക്കുകയാണ്. ഫിൽട്ടർ ഫീഡ് ടാങ്കിന്റെയും സോക്പിറ്റിന്റെയും ഇടയിലുള്ള പാർടീഷ്യൻ ഭിത്തിയിൽ ദ്വാരം ഉള്ളതായി കണ്ടെത്തിയെങ്കിൽ അത് പരിഹരിക്കും. മലിനജലം പുറത്തേക്ക് പോകുന്നില്ലെന്ന് വ്യക്തമായിട്ടും സമീപത്തെ വീടുകളിലെ കിണറിൽ മുഴുവൻ ഗ്രീസിന്റെ അംശം കണ്ടെത്തിയതായി തെറ്റായ പ്രചാരണമാണ് ഒരു വിഭാഗം നടത്തുന്നത്. സ്ഥാപനം പ്രവർത്തിച്ച രണ്ടര മാസം മുമ്പ് ഗ്രീസിന്റെ അംശം 165 ശതമാനം ആയിരുന്നുവെന്നും ഇപ്പോൾ രണ്ടു ശതമാനം ആണെന്നും പറയുന്നത് തന്നെ ദുരൂഹമാണ്. സ്ഥാപന ഉടമ കെ. മനോജ്, ഭാര്യ കെ.വി നിമിഷ, ബന്ധുവായ കെ.പി സുരേഷ്, കുട്ടികൾ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |