നീലേശ്വരം: നീലേശ്വരം -ഇടത്തോട് റോഡ് നവീകരണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിരിക്കെ നവീകരണ പ്രവൃത്തി തുടങ്ങുന്നതിന് പകരം ആറ് ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിയ്ക്ക് അനുമതി നൽകിയതിൽ പരക്കെ പ്രതിഷേധം. നവീകരണ പ്രവൃത്തി ഇനിയും വൈകിപ്പിക്കാനുള്ള യു.ഡി.എഫ് തന്ത്രമാണ് ഈ അറ്റകുറ്റപ്പണിയെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു.
റോഡ് വികസനം പൂർണ്ണമായി നടപ്പിലാക്കുന്നത് തടസ്സപ്പെടുത്താനും, പിന്നീട് പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനുമാണ് യു.ഡി.എഫ് പ്രാദേശിക നേതൃത്വവും ജനപ്രതിനിധികളും ശ്രമിക്കുന്നതെന്നാണ് ആരോപണം. വർഷങ്ങളായി തകർന്നു കിടക്കുന്ന നീലേശ്വരം- ഇടത്തോട് റോഡ് പൂർണ്ണമായി നവീകരിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു.
ആദ്യം കരാർ ഏറ്റെടുത്ത ചട്ടഞ്ചാലിലെ കരാറുകാരന്റെ അനാസ്ഥയും പിന്നീടുണ്ടായ ഭരണപരമായ കാലതാമസവുമാണ് പദ്ധതി നീണ്ടുപോകാൻ കാരണമായതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കോൺവെന്റ് ജംഗ്ഷൻ മുതൽ താലൂക്ക് ആശുപത്രി വരെയുള്ള ഒന്നര കിലോമീറ്റർ ഭാഗത്ത് റോഡ് വീതികൂട്ടി നവീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ നിർമാണം നിലച്ചതോടെ ഈ ഭാഗം പൂർണമായും തകർന്നു.
പദ്ധതിക്കായി 53 കോടി രൂപയുടെ പുതുക്കിയ ടെൻഡർ വിളിച്ചിട്ടും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. പുതിയ റോഡ് നിർമ്മാണത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെയാണ് പെട്ടെന്ന് 6 ലക്ഷം രൂപയുടെ താൽക്കാലിക അറ്റകുറ്റപ്പണിയ്ക്ക് കോൺവെന്റ് വളവിൽ ടെണ്ടർ നൽകിയിരിക്കുന്നത്. പൂർണ്ണ തോതിലുള്ള നിർമ്മാണം തുടങ്ങിയാൽ നിലവിലെ രാഷ്ട്രീയ ലാഭം ഇല്ലാതാകുമെന്ന ഭയമാണ് ഈ നീക്കത്തിന് പിന്നിലെന്ന് നാട്ടുകാരും ആരോപിക്കുന്നു. താൽക്കാലിക തട്ടിക്കൂട്ട് പണികൾ നടത്തി പണം പാഴാക്കാനും പദ്ധതി അനന്തമായി നീട്ടിക്കൊണ്ടുപോകാനുമാണ് നടപടി വഴിവെക്കുകയെന്നും പറയുന്നു. ടെൻഡർ നടപടികൾ അടിയന്തരമായി പൂർത്തിയാക്കി റോഡ് നവീകരണം ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് രൂപം നൽകാനാണ് നാട്ടുകാരുടെയും വിവിധ രാഷ്ട്രീയ സംഘടനകളുടെയും തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |