നെന്മാറ ബ്ലോക്കിൽ ട്രാക്ടർ ഉപയോഗിക്കാതെ കിടക്കുന്നു
നെന്മാറ: ഉഴവുകൂലി ഇനത്തിൽ വലിയ ബാധ്യത നേരിടുമ്പോൾ നെൽക്കർഷകർക്ക് ഉപയോഗപ്രദമാകേണ്ട ട്രാക്ടർ വർഷങ്ങളായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഷെഡ്ഡിൽ ഉപയോഗിക്കാതെ കിടക്കുന്നു. 2017-18ലെ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ചു വാങ്ങിയതാണ് ട്രാക്ടർ. എവർ ഗ്രീൻ വനിതാ ലേബർ ബാങ്ക് എന്ന തൊഴിൽ സേന വഴിയാണ് 9.5 ലക്ഷം രൂപ മുടക്കി ഇതു വാങ്ങിയത്. 2.25 ലക്ഷം രൂപ ഇവരുടെ വിഹിതവും ചേർത്തു വാങ്ങിയ ട്രാക്ടർ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുടെ പേരിലാണുള്ളത്. ട്രാക്ടറുമായി കൃഷിയിടത്തിലേക്കു നീങ്ങിയ ലേബർ ബാങ്ക് പക്ഷേ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ സേവനം നിറുത്തി. ട്രാക്ടർ ബ്ലോക്ക് പഞ്ചായത്തിലെ ഷെഡ്ഡിൽ കട്ടപ്പുറത്താകുകയും ചെയ്തു. ട്രാക്ടർ എന്തു ചെയ്യണമെന്ന കാര്യം സംബന്ധിച്ചു ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ചർച്ച ചെയ്തു. ആദ്യഘട്ടത്തിൽ രൂപീകരിച്ച ലേബർ ബാങ്ക് തൊഴിൽ സേനയെ വിളിച്ചു വരുത്താൻ തീരുമാനിച്ചെങ്കിലും നടന്നില്ല. തുടർന്ന് സംസ്ഥാന നെൽക്കതിർ അവാർഡ് നേടിയ എലവഞ്ചേരി തുമ്പിടി കരിപ്പായി പാടശേഖര സമിതിക്കു കൈമാറാൻ തീരുമാനമെടുത്തു. എന്നാൽ തൊഴിൽ സേന അംഗങ്ങളിൽ നിന്നുള്ള വിഹിതം ചേർത്തു വാങ്ങിയ ട്രാക്ടർ ഒരു സമിതിക്കു മാത്രമായി കൈമാറുന്നത് ചോദ്യം ചെയ്യപ്പെട്ടു. ഇതോടെ രേഖകൾ പ്രകാരം ഉടമയായ കൃഷി അസിസ്റ്റന്റ് ഡയറക്ടറോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. കൃഷി വകുപ്പിന്റെ നിർദേശ പ്രകാരമായിരിക്കും ട്രാക്ടർ പുറത്തിറങ്ങുകയെന്നു ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസർ കെ.ദിനേഷ് പറഞ്ഞു. ട്രാക്ടറിനു വലിയ കേടുപാടുകളൊന്നുമില്ല. അത്യാവശ്യ അറ്റകുറ്റപ്പണി നടത്തി ഇൻഷ്വറൻസും അടച്ചാൽ പുറത്തിറക്കാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |