നടുവിൽ: കഴിഞ്ഞ ദിവസം അജ്ഞാത ജീവിയുടെ ആക്രമണത്തിൽ കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെ ചത്ത നിലയിൽ കണ്ട എരുവേശി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡായ കുടിയാൻ മലയ്ക്ക് സമീപമുള്ള ചാത്തമലയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ചു. ചാത്തമലയിലെ കോട്ടിയിൽ വിനോദിന്റെ ആട്ടിൻ കൂട്ടിൽ കെട്ടിയിട്ടിരുന്ന ആടിനെയാണ് കഴിഞ്ഞ ദിവസം രാവിലെ കാണാതായതിനെ തുടർന്നു നടത്തിയ തെരച്ചിലിൽ ഏതോ ജീവി കടിച്ച് വലിച്ചു കൊണ്ടുപോയി പകുതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
സ്ഥലത്തെത്തിയ തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ചിലെ ഉദ്യോഗസ്ഥർ കാമറ സ്ഥാപിച്ചിരുന്നു. പകുതി ഭക്ഷിച്ച നിലയിൽ ഉണ്ടായിരുന്ന ആടിന്റെ ശരീരാവശിഷ്ടം, സംസ്‌കരിക്കാതെ അതേ സ്ഥലത്തു തന്നെ വെച്ചിരുന്നത് കഴിഞ്ഞ ദിവസം രാവിലെ ഭക്ഷിച്ചതായി കാണുകയും സി.സി.ടി.വികാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇന്നലെ വൈകിട്ടോടെ കൂട് സ്ഥാപിച്ചത്.
പാലക്കയം തട്ടിനു സമീപം പുല്ലം വനത്തു ടാപ്പിംഗ് തൊഴിലാളി കരിമ്പുലിയെ കണ്ടെന്നു പറഞ്ഞ ദിവസം തന്നെയാണ് ഏതാനും കിലോമീറ്റർ മാറി ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തിനു സമീപമുള്ള ചാത്ത മലയിലും പുലി ഇറങ്ങിയതെന്നു സംശയം ബലപ്പെട്ടിരിക്കുന്നത്. എരുവേശി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് പരത്തി നാലിൽ, വാർഡ് മെമ്പർ നിഷാ സോജൻ, തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.പി.സുമേഷ്, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ, ഫോറസ്റ്റർ രഞ്ചിത്, സി.പി.എം കുടിയാൻമല ലോക്കൽ സെക്രട്ടറി രതീഷ് ബാബു എന്നിവർ സ്ഥലത്തെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |