സബസിഡി നിറുത്തലാക്കിയത് കുടുംബശ്രീയെ വലച്ചു
കൊല്ലം: സബ്സിഡി പൂർണമായി നിലച്ചതും തദ്ദേശ സ്ഥാപനങ്ങളുടെ സഹായം മുടങ്ങിയതും കാരണം ജില്ലയിലെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടുന്നു. ആകെയുണ്ടായിരുന്ന 83 ജനകീയ ഹോട്ടലുകളിൽ 60 എണ്ണവും ഇതിനകം പൂട്ടി. 23 ഹോട്ടലുകൾ മാത്രമാണ് പിടിച്ചുനിൽക്കുന്നത്. കുറഞ്ഞ നിരക്കിൽ ഭക്ഷണം വിളമ്പിയിരുന്ന ജനകീയ ഹോട്ടലുകൾ, മറ്റ് ഹോട്ടലുകളിലെ കൊള്ളവിലയ്ക്കിടെ ആശ്വാസമായിരുന്നു.
2024 ആഗസ്റ്റ് മുതൽ സർക്കാർ സബ്സിഡി നിറുത്തലാക്കി.ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളുടെ സഹായങ്ങളും മുടങ്ങി. സബ്സിഡി ഉണ്ടായിരുന്ന സമയത്ത് ഒരു ഊണിന് 10 രൂപയായിരുന്നു (10 രൂപ സബ്‌സിഡിയായി ലഭിച്ചിരുന്നു). നിലവിൽ 30 രൂപയ്ക്കാണ് ഊണ് വിളമ്പുന്നത്. യൂണിറ്റുകൾക്ക് നൽകിയിരുന്ന 10 രൂപ സബ്‌സിഡിയും സബ്‌സിഡി അരി വിതരണവും നിലച്ചതാണ് പ്രതിസന്ധിയായത്. വില കൂടിയതോടെ ഹോട്ടലുകളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ കുറവുണ്ടാവുകയും ഇത് കച്ചവടത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു. പുറമെ പാചകവാതകം, അരി, പച്ചക്കറി എന്നിവയുടെ വില വർദ്ധന സ്ഥിതി കൂടുതൽ വഷളാക്കി. കെട്ടിട വാടക, വൈദ്യുതി ചാർജ്, വാട്ടർ ചാർജ് എന്നിവ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു കൃത്യമായി കിട്ടാതായതും തിരിച്ചടിയായി.
സബ്സിഡി പുന:സ്ഥാപിക്കണം
ഉപജീവന മാർഗമായതിനാൽ പല കുടുംബശ്രീ യൂണിറ്റുകളും പിടിച്ചു നിൽക്കാൻ നോക്കിയെങ്കിലും സാധനങ്ങളുടെ വില കൂടിവന്നതോടെ മുന്നോട്ടു കൊണ്ടുപോകാൻ പറ്റാതായി. ഹോട്ടലുകൾ പൂട്ടുക എന്നതു മാത്രമായി മുന്നിലുള്ള മാർഗ്ഗം. സ്ത്രീകളടക്കം ഒട്ടേറെ സാധാരണക്കാരുടെ പ്രധാന തൊഴിലും വരുമാനമാർഗ്ഗവുമാണ് നഷ്ടമായത്. നിർത്തലാക്കിയ സബ്സിഡി പുന:സ്ഥാപിക്കാനും തദ്ദേശസ്ഥാപനങ്ങളുടെ പിന്തുണ ഉറപ്പാക്കാനും സർക്കാർ അടിയന്തര നടപടി എടുത്താൽ മാത്രമേ ഇനി ജനകീയ ഹോട്ടലുകൾക്കു പിടിച്ചു നിൽക്കാനാവൂ.
ജില്ലയിലെ ഹോട്ടലുകൾക്ക് കുടിശ്ശികകളൊന്നും നിലവിലില്ല. സബ്സിഡി ഇല്ലാതായതും കടുത്ത സാമ്പത്തിക ബാദ്ധ്യതയും കാരണം മുന്നോട്ട് പോകാൻ കഴിയാതെ വന്നതോടെയാണ് ഭൂരിഭാഗം ഹോട്ടലുകളും പൂട്ടേണ്ടി വന്നത്
വിമൽ, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |