കാസർകോട്: ജില്ലയുടെ ടൂറിസം ഭൂപടത്തിലെ പ്രധാന അടയാളങ്ങളിലൊന്നായ ചന്ദ്രഗിരി കോട്ട കാടുമൂടിയും പുല്ലുപിടിച്ചും കടുത്ത അവഗണന നേരിടുന്നു. ഇതിന് പുറമെ ചന്ദ്രഗിരി കോട്ടയുടെ നടത്തിപ്പ് ചുമതല സ്വകാര്യ വ്യക്തികൾക്കോ കമ്പനികൾക്കോ നൽകിയതായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന വിവരങ്ങളും പ്രദേശവാസികളിലും ചരിത്രസ്നേഹികളിലും വലിയ ആശങ്ക
യുണ്ടാക്കുന്നു. വരുംതലമുറകൾക്കായി സംരക്ഷിച്ചു നിർത്തേണ്ട പൊതുമുതലാണിതെന്നും കച്ചവട താൽപ്പര്യങ്ങൾക്ക് വിട്ടുനല്കേണ്ടവയല്ലെന്നുമാണ് ഇവർ പറയുന്നത്.
ബേക്കൽ കോട്ടയുടെ തൊട്ടടുത്തായി തലയുയർത്തി നിൽക്കേണ്ട ചന്ദ്രഗിരി കോട്ടയിൽ ഒരു സുരക്ഷ ജീവനക്കാരനെ പോലും നിയോഗിക്കാത്തതാണ് കോട്ട അനാഥമാകാൻ കാരണം. ജില്ല ടൂറിസം-ബിസിനസ് രംഗത്ത് വലിയ വളർച്ച നേടുമ്പോഴാണ് പ്രധാന ചരിത്ര സ്മാരകം നശിക്കുന്നത്.
ജില്ലയിൽ ആകെ അഞ്ച് പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ഉള്ളത്. ഇതിൽ മൂന്ന് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഇതിനോടകം തന്നെ പണിതീർന്ന് താമസവും മറ്റു ആധുനിക സൗകര്യങ്ങളുമായി പൂർണ്ണതോതിൽ പ്രവർത്തനത്തിലുണ്ട്. പുറംരാജ്യങ്ങളിൽ നിന്നും പുറംനാടുകളിൽ നിന്നുമുള്ള നിക്ഷേപകരും പൊതുജനങ്ങളും ബിസിനസ് രംഗത്തേക്ക് കടന്നുവന്ന്, വിനോദസഞ്ചാരികൾക്കായി വിവിധ തരത്തിലുള്ള ഹോട്ടൽ മുറികളും ആധുനിക താമസ സൗകര്യങ്ങളും ഈ ജില്ലയിൽ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. പുതിയതായി പല ഹോംസ്റ്റേകളും ഈ പ്രദേശത്ത് പണി തുടങ്ങിവച്ചിട്ടുണ്ട്.
കടലിന്റെ അനന്തമായ സൗന്ദര്യമുള്ള കോടി ബീച്ചും, ചെമ്പിരിക്ക കുന്നും, ചന്ദ്രഗിരി കോട്ടയുമെല്ലാം കാസർകോടിന്റെ ടൂറിസം ഭൂപടത്തിന് മാറ്റുകൂട്ടുന്ന അമൂല്യ സമ്പത്തുകളാണ്. ചന്ദ്രഗിരി കോട്ട പോലുള്ള ഒരു ചരിത്രപ്രധാന കേന്ദ്രത്തിന്റെ നിയന്ത്രണം സ്വകാര്യവത്കരിക്കുന്നത് ടൂറിസം മേഖലയ്ക്കും പൈതൃക സംരക്ഷണത്തിനും ദോഷം ചെയ്യുമെന്നാണ് ആക്ഷേപം ഉയരുന്നത്.
ജനപ്രതിനിധികൾ ശ്രദ്ധിക്കാൻ
ജില്ലയെ ടൂറിസം ഭൂപടത്തിൽ മുൻനിരയിലെത്തിക്കാൻ വിവിധ ശ്രമങ്ങൾ നടക്കുമ്പോൾ, നമ്മുടെ പൈതൃക കേന്ദ്രമായ ചന്ദ്രഗിരി കോട്ട ഈ വിധം തകർന്നു കിടക്കുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ജില്ലയിലെ എം.എൽ.എമാരും എം.പി.യും മറ്റ് ജനപ്രതിനിധികളും ഈ വിഷയം ഗൗരവത്തിലെടുത്ത് ചന്ദ്രഗിരി കോട്ട നേരിട്ട് സന്ദർശിക്കണം. ഇതിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പറയുന്നു. ചന്ദ്രഗിരി കോട്ടയുടെ നടത്തിപ്പ് മറ്റാർക്കെങ്കിലും ലീസിനോ കരാറിനോ നൽകിയിട്ടുണ്ടെങ്കിൽ അത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |