SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.05 AM IST

സിലിണ്ടർക്ഷാമം തീർന്നിട്ടും വിലകുറയ്ക്കാതെ ഹോട്ടലുകൾ

cylinder
.

പാലക്കാട്: പാചകവാതക വില വർദ്ധനവിന്റെയും ലഭ്യതയുടെയും മറവിൽ ജില്ലയിലെ ഹോട്ടലുകളിൽ ഭക്ഷണസാധനങ്ങളുടെ കൂട്ടിയ നിരക്ക് ഇപ്പോഴും തുടരുന്നു. ഒരേ നിലവാരത്തിലുള്ള ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കാന്റീനുകളിലും ബേക്കറികളിലുമെല്ലാം ഒരു മാനദണ്ഡവുമില്ലാതെയാണ് ഭക്ഷണസാധനങ്ങൾക്ക് തോന്നിയതുപോലെ വില ഈടാക്കുന്നത്. പാചകവാതക സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലായിട്ടും മുമ്പ് വർദ്ധിപ്പിച്ച തുക കുറയ്ക്കാൻ ഹോട്ടലുടമകൾ തയ്യാറായിട്ടില്ല. യാതൊരു നിയന്ത്രണവുമില്ലാതെ വ്യാപാരികൾ വിഭവങ്ങൾക്ക് തോന്നുംപടി തുക ഈടാക്കിയിട്ടും അധികൃതർ ഇടപെടുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. ഇതോടെ വില ഏകീകരണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്. കേന്ദ്രം വാണിജ്യ സിലിണ്ടർവില കുത്തനെ കൂട്ടിയതും സിലിണ്ടർ ക്ഷാമവുമാണ് ഭക്ഷണ സാധനങ്ങളുടെ വിലവർദ്ധനവിന് ഇടയാക്കിയത്. മുമ്പ് 60 രൂപയായിരുന്ന സാധാരണ ഊണിന് ഇപ്പോൾ പലയിടങ്ങളിലും 80 മുതൽ 130 രൂപ വരെയാണ് വില. ബിരിയാണിക്ക് നഗരത്തിൽ തന്നെ പല വിലയാണ്. 10 മുതൽ 40 രൂപ വരെ വർദ്ധനവുണ്ടായി. 10 -12 രൂപയുണ്ടായിരുന്ന പൊറോട്ടയ്ക്ക് ഇപ്പോൾ 15 മുതൽ 22 രൂപ വരെ വാങ്ങുമ്പോൾ നോൺവെജ് കറികൾക്കും ഫ്രൈകൾക്കും 20 മുതൽ 50 രൂപ വരെ അധികം ഈടാക്കുന്നുണ്ട്. നെയ്‌റോസ്റ്റ്, മസാല ദോശ തുടങ്ങിയ ഭക്ഷണങ്ങൾക്കും 10 മുതൽ 30 രൂപ വരെയാണ് കൂട്ടിയത്. ചായയ്ക്കും ചെറുകടികൾക്കും പോലും പൊള്ളുന്ന വിലയാണ്. പാചകവാതക പ്രതിസന്ധിക്ക് പുറമേ പാൽ, പഞ്ചസാര, ചായപ്പൊടി എന്നിവയുടെ നിരക്ക് ഉയർന്നെന്ന കാരണം പറഞ്ഞാണ് വില കൂട്ടുന്നത്. 10 മുതൽ 12 രൂപ വരെയായിരുന്ന ചായയ്ക്ക് ഇപ്പോൾ 15 മുതൽ 20 രൂപ വരെ നൽകണം. കാപ്പിക്ക് 20 മുതൽ 25 രൂപ വരെ ഈടാക്കുമ്പോൾ ചെറുകടികളുടെ വില മിക്ക സ്ഥലങ്ങളിലും 15 രൂപയായി ഉയർത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, LPG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL