കൊല്ലം: ഓണവിപണിയിൽ നേട്ടം കൊയ്ത് കൊല്ലം കുടുംബശ്രീ. കുടുംബശ്രീ ഓണമേളകളിൽ നിന്നും ജില്ലയിലെ ഹോംഷോപ്പ് സംവിധാനം വഴിയും കുടുംബശ്രീ ബസാറിൽ നിന്നും ഓണക്കാലത്ത് ആകെ 2.22 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ സംരംഭകർക്ക് ലഭിച്ചത്.
ജില്ലയിലെ 74 ഗ്രാമ - നഗര സി.ഡി.എസുകളിലായി നടത്തിയ 150 മേളകളിൽ നിന്ന് 2.09 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 92.35 ലക്ഷം രൂപയുടെ വർദ്ധനവാണ് ഓണമേളകളിലുള്ളത്. 1.17 കോടിയുടെ ഓണം മേളകളിൽ നിന്ന് കഴിഞ്ഞ വർഷം കുടുംബശ്രീ നേടിയത്. ഓച്ചിറ ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ച കുടുംബശ്രീയുടെ ' ഹോം ഷോപ്പ്' വഴി 12 ലക്ഷം രൂപയുടെ വിപണനം നടന്നു. പുനലൂർ പ്രവർത്തിക്കുന്ന കുടുംബശ്രീ ബസാറിലൂടെയുള്ള 1,05,656 രൂപയാണ് സ്വന്തമാക്കിയത്. കൊല്ലം ജില്ലാ പഞ്ചായത്തും വ്യവസായ വകുപ്പും കുടുംബശ്രീയും സംയുക്തമായി ആശ്രാമം മൈതാനത്ത് ഒരുക്കിയ 'സമൃദ്ധി 2024 ' പ്രദർശന വിപണന മേളയിൽ 55,960 രൂപയാണ് ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ സ്റ്റാളിൽ നിന്ന് മാത്രം ലഭിച്ച വിറ്റ് വരവ്.
താരമായി കുടുംബശ്രീ ബ്രാൻഡഡ് ഉത്പന്നങ്ങൾ
കുടുംബശ്രീ സ്വന്തം ബ്രാൻഡിൽ പുറത്തിറക്കിയ ഉത്പന്നങ്ങളായിരുന്നു ഇത്തവണത്തെ പ്രധാനതാരം. ഓണത്തിന്റെ ട്രേഡ് മാർക്ക് വിഭവങ്ങളായ ചിപ്‌സിനും ശർക്കരവരട്ടിക്കും പുറമെ മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല, സാമ്പാർ പൊടി, ഫിഷ് മസാല, സ്റ്റീമിഡ് പുട്ടുപൊടി, വറുത്ത അരിപ്പൊടി, ഗരം മസാല എന്നിവയും പുറത്തിറക്കിയിരുന്നു. ചിപ്‌സ്, ശർക്കരവരട്ടി, കാശ്മീരിച്ചില്ലി എന്നിവയാണ് വിറ്റുപോയവയിൽ അധികവും. കുടുംബ്രശീ ഫ്രഷ് ബൈറ്റ്സ് എന്ന പേരിൽ ആകർഷകമായ പായ്ക്കിംഗിലാണ് ചിപ്‌സും ശർക്കരവരട്ടിയും വിപണിയിലെത്തിച്ചത്. ഇവ കൂടാതെ തേൻ വിഭവങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു.
ഉത്പന്നങ്ങൾ ഓൺലൈനിൽ
കെ ലിഫ്ട് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംരംഭകരുടെ മികച്ച ഭക്ഷ്യ - ഭക്ഷ്യേതര ഉത്പന്നങ്ങൾ ഉടൻ ഓൺലൈനിൽ ലഭ്യമാകുമെന്ന് കുടുംബശ്രീ അധികൃതർ അറിയിച്ചു. ഓൺലൈൻ പ്ലാറ്റഫോമായ പോക്കറ്റ് മാർട്ട്, ഫ്ളിപ്പ്കാർട്ട്, ആമസോൺ എന്നിവയിൽ കൂടി വില്പന നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
വിറ്റുവരവ്
വിപണന മേള: ₹ 2,09,65,140
ഹോംഷോപ്പ് ₹12,00,000
കുടുംബശ്രീ ബസാർ ₹ 1,05,656
ആകെ ₹ 2,22,70,796
മായമില്ലാത്തതും വിഷരഹിതവുമായ കുടുംബശ്രീ ബ്രാൻഡഡ് ഉത്പന്നങ്ങളോടും മറ്റുമുള്ള ജനങ്ങളുടെ സ്വീകാര്യതയാണ് വർദ്ധിച്ചുവരുന്ന വിറ്റുവരവിൽ പ്രതിഫലിക്കുന്നത്.
കുടുംബശ്രീ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |