SignIn
Kerala Kaumudi Online
Saturday, 24 October 2026 12.48 PM IST

ഭി​ന്നശേഷി​ ക്രി​ക്കറ്റി​ൽ തീക്കാറ്റായി​ ഗോപു

gopu
ഭിന്നശേഷിക്കാരുടെ ദേശീയ ക്രിക്കറ്റ് ടൂർണമെൻ്റിനുള്ള കേരള ടീമിൽ അംഗമായ എഴുകോൺ കൊച്ചാഞ്ഞിലിമൂട് സേതു ഭവനത്തിൽ ജി.എസ്. ഗോപു കുടുംബത്തോടൊപ്പം.

എഴുകോൺ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടക്കുന്ന ഭിന്നശേഷിക്കാരുടെ ദേശീയ ക്രിക്കറ്റ് ടൂർണമെന്റി​ൽ കേരളത്തിന്റെ ജഴ്സി അണിയുന്ന 26 കാരൻ ഗോപു കൊല്ലത്തി​ന്റെ അഭി​മാനമായി​. വലതു കൈയുടെ ശേഷി​ക്കുറവ് കളി​മി​കവി​നെ ബാധി​ക്കാതി​രുന്നപ്പോൾ, ഇടംകൈയൻ പേസറായി​ ടീമി​ലെത്തി​യ ഗോപുവി​ന്റെ തീപാറുന്ന ബോളുകൾക്ക് മുന്നി​ൽ പതറുകയാണ് ബാറ്റർമാർ.

എഴുകോൺ കൊച്ചാഞ്ഞിലിമൂട് സേതുഭവനത്തിൽ കെ.ഗോപിയുടെയും സി.സീതയുടെയും മകനാണ് ജി​.എസ്.ഗോപു. കുട്ടിക്കാലം മുതൽ ക്രിക്കറ്റിനോടും ഫുട്ബാളി​നോടും വലിയ അഭിനിവേശമായിരുന്നു. എഴുകോൺ വിവേകോദയം സംസ്കൃത വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. വീടിന് സമീപത്തെ കുഴിമതിക്കാട് ഗ്രാമവുമായുള്ള ബന്ധമാണ് പ്രൊഫഷണൽ ക്രിക്കറ്റർ എന്ന നിലയിലേക്ക് ഗോപുവിനെ മാറ്റിയത്. പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ ഇവിടുത്തെ പരിശീലന ക്ലബ്ബായ കാസിൽ ഫുട്ബാൾ കളിക്കാനെത്തിയ ഗോപു ഇടവേളകളിൽ നെറ്റ്സിൽ പന്തെറിഞ്ഞു നൽകുന്നത് ഉടമയും പരിശീലകനുമായ പ്രവീണിന്റെ ശ്രദ്ധയിൽപ്പെട്ടു. പ്രവീണിന്റെ നിർബന്ധത്തിലാണ് പിന്നീട് ക്രിക്കറ്റ് പരിശീലിക്കാൻ തുടങ്ങിയത്.

സാമ്പത്തിക ബുദ്ധി​മുട്ടുകൾ ഉള്ളതി​നാൽ സൗജന്യ പരിശീലനമാണ് നൽകിയത്. വളരെ പെട്ടെന്ന് ഇടം കൈയൻ പേസറെന്ന നിലയിൽ ശ്രദ്ധ നേടിയ ഗോപു നാട്ടിലെയും പരിസര പ്രദേശങ്ങളിലെയും കുട്ടി ടൂർണമെന്റുകളിൽ സ്ഥി​രം സാന്നി​ദ്ധ്യമായി​. ഭിന്ന ശേഷിക്കാരുടെ ടീമിലേക്കുള്ള വഴി തെളിച്ചതും പ്രവീൺ തന്നെയാണ്. രണ്ട് ജില്ലാ ടൂർണമെന്റുകളിൽ പങ്കെടുത്തതോടെ ആത്മവിശ്വാസം വർദ്ധി​ച്ചു.

ആഹ്ളാദത്തി​ൽ നാട്

ദേശീയ ടൂർണമെന്റി​ലേക്ക് വഴി​യൊരുക്കുന്ന സംസ്ഥാന ടീമിൽ ഇടം കിട്ടിയതോടെ ഗോപുവിനും കുടുംബത്തിനും ഒപ്പം ആഹ്ലാദത്തിലാണ് കൊച്ചാഞ്ഞിലിമൂട് ഗ്രാമവാസികളും. ഗോപുവിന്റെ അച്ഛൻ മേസ്തി​രിയും അമ്മ ഇ.എസ്.ഐ ആശുപത്രിയിലെ താത്കാലിക തൊഴിലാളിയുമാണ്. ഏക സഹോദരൻ സേതു ഗോപി. 24 സംസ്ഥാനങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് 15 മുതൽ 25 വരെയാണ്. 14 അംഗ കേരള ടീമിൽ കൊല്ലം ജില്ലയിൽ നിന്ന് ഇടം നേടിയ ഏക കളിക്കാരൻ ഗോപുവാണ്. ട്രാവൻകൂർ ക്രിക്കറ്റ് അസോസിയേഷനാണ് കേരള ടീമിനെ അണിനിരത്തുന്നത്. അസോസിയേഷന്റെ ചങ്ങനാശേരിയിലെ പരിശീലന ക്യാമ്പിലാണി​പ്പോൾ ഗോപു. ദീപു ചന്ദ്രനാണ് പരിശീലകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL