SignIn
Kerala Kaumudi Online
Thursday, 22 October 2026 5.29 PM IST

ദേശീയപാത അതോറിട്ടി കനിഞ്ഞു... കല്ലുന്താഴം ആർ.ഒ.ബിക്ക് സ്ഥലം ഏറ്റെടുക്കും

കൊല്ലം: കല്ലുന്താഴം റെയി​ൽവേ മേൽപ്പാലം (ആർ.ഒ.ബി) നിർമ്മാണത്തിന് രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദേശീയപാത അതോറിട്ടി എൻ.ഒ.സി നൽകി. നിർവഹണ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപ്പറേഷൻ (ആർ.ബി.ഡി.സി.കെ) സമർപ്പിച്ച പുതിയ അലൈൻമെന്റ് അടിസ്ഥാനമാക്കിയാണ് അനുമതി.

കല്ലുംതാഴം-കുറ്റിച്ചിറ റോഡിൽ കൊച്ചുകുളത്തിനും കാവൽപ്പുര ജംഗ്ഷനും ഇടയിലെ റെയിൽവേ ഗേറ്റിലാണ് ഓവർബ്രിഡ്ജ് നിർമ്മിക്കുന്നത്. ഇപ്പോൾ ദേശീയപാത 66 ആയി മാറിയ പഴയ ബൈപ്പാസിൽ നിന്നാണ് ഓവർബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് ആരംഭിക്കുന്നത്. അതി​നാലാണ് ദേശീയപാത അതോറി​ട്ടി​യുടെ എൻ.ഒ.സി വേണ്ടിവന്നത്. 2022 മേയിൽ എൻ.ഒ.സിക്കായി അതോറി​ട്ടി​ക്ക് കത്ത് നൽകി. പക്ഷെ ചർച്ചയ്ക്ക് പോലും തയ്യാറാകാതെ എൻ.ഒ.സി നീട്ടുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മേയിൽ ദേശീയപാത അതോറിട്ടി​യിലെയും ആർ.ബി.ഡി.സി.കെയിലും ഉദ്യോഗസ്ഥ സംഘം നടത്തി​യ സംയുക്ത സ്ഥല പരിശോധനയിൽ ദേശീയപാതയിൽ വന്നുചേരുന്ന ഭാഗത്തെ അപ്രോച്ച് റോഡിന്റെ അലൈൻമെന്റിൽ മാറ്റം വരുത്താൻ തീരുമാനിക്കുകയായിരുന്നു.

വൈകാതെ തന്നെ ആർ.ഒ.ബി നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി ആർ.ബി.ഡി.സി.കെയിലെയും റവന്യു വകുപ്പിലെയും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ അതിർത്തി വേർതിരിച്ച് കല്ലുകൾ സ്ഥാപിക്കും.

കല്ലുന്താഴം ജംഗ്ഷന് ആശ്വാസം

കൊച്ചുകുളത്തിനും കാവൽപ്പുരം ജംഗ്ഷനും ഇടയിലെ റെയിൽവേ ഗേറ്റിലാണ് മേൽപ്പാലം വരുന്നതെങ്കിലും കല്ലുന്താഴം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകും. ആർ.ഒ.ബി വരുന്നതോടെ കരിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാർക്ക് കല്ലുന്താഴം ജംഗ്ഷനിൽ പ്രവേശി​ക്കാതെ കുറ്റിച്ചിറ വഴി ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാം. ഇതോടെ കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കല്ലുന്താഴം മുതൽ കരിക്കോട് വരെയുള്ള തിരക്ക് ഒരു പരിധിവരെ കുറയും.

...........................................

 ആർ.ഒ.ബിക്ക് സർക്കാർ അനുമതി 2017 ജൂലായിൽ

 എൻ.എച്ച്.എ.ഐയോട് എൻ.ഒ.സി ചോദിച്ചത് 2022 മേയിൽ

 ജി.എ.ഡിക്ക് റെയിൽവേ അനുമതി 2023 സെപത്ംബറിൽ

...........................

കല്ലുന്താഴം ആർ.ഒ.ബി

 സർവീസ് റോഡ് ഉൾപ്പെടെ 390 മീറ്റർ നീളം

 10.2 മീറ്റർ വീതി

 സർവീസ് റോഡിന്റെ വീതി 4 മീറ്റർ
 ഒരു വശത്ത് 1.5 മീറ്റർ വീതിയിൽ നടപ്പാത

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL