ഫയൽ ധനവകുപ്പിൽ
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാനം നിർമ്മിക്കാൻ ഏറ്റെടുക്കാൻ ലക്ഷ്യമിടുന്ന ഭൂമിയുടെ വില ഒരുമാസത്തിനുള്ളിൽ സംസ്ഥാന സർക്കാർ നിശ്ചയിക്കും. സ്ഥലമേറ്റെടുക്കലിന്റെ ഫയൽ നിലവിൽ ധനവകുപ്പിന്റെ പരിഗണനയിലാണ്.
രണ്ട് ദിവസത്തിനുള്ളിൽ ഫയൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിന് മുന്നിലെത്തും. കളക്ടർ നിശ്ചയിച്ച വിലയിൽ യാതൊരു കുറവും വരുത്താതെ ധനമന്ത്രി ഫയൽ അംഗീകരിക്കുമെന്നാണ് സൂചന. തുടർന്ന് റവന്യു വകുപ്പിലെത്തുന്ന ഫയൽ മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് വിടും. ഈമാസം അവസാനവാരം ചേരുന്ന മന്ത്രിസഭ യോഗം വില അംഗീകരിച്ച് സ്ഥലം വാങ്ങാൻ യൂണിവേഴ്സിറ്റിക്ക് അനുമതി നൽകുമെന്നാണ് സൂചന.
മുണ്ടയ്ക്കലിൽ നേരത്തെ ഓട് ഫാക്ടറി പ്രവർത്തിച്ചിരുന്ന ഭൂമിക്ക് സെന്റിന് 3.20 ലക്ഷം രൂപ കണക്കാക്കിയ വിലനിർണയ റിപ്പോർട്ട് കഴിഞ്ഞ ഒക്ടോബർ അവസാനവാരമാണ് ജില്ലാ ഭരണകൂടം റവന്യു വകുപ്പിന് കൈമാറിയത്. റവന്യു വകുപ്പിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും പരിശോധനകൾക്ക് ശേഷമാണ് ഇപ്പോൾ ഫയൽ ധനവകുപ്പിൽ എത്തിയിരിക്കുന്നത്. സ്ഥലമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ നേരത്തെ 35 കോടി പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ സർക്കാർ അനുമതി നൽകുന്നതിന് പിന്നാലെ സ്വകാര്യ വ്യക്തിയിൽ നിന്ന് ഭൂമി വാങ്ങാനുള്ള പണം സർക്കാർ അനുവദിക്കുമെന്നാണ് പ്രതീക്ഷ.
വാങ്ങുന്നത്: 03.29 ഹെക്ടർ
വില: സെന്റിന് 3.20 ലക്ഷം
സർക്കാർ പ്രഖ്യാപിച്ചത് 35 കോടി
ചർച്ച നാളെ
ഓപ്പൺ യൂണിവേഴ്സിറ്റി ആസ്ഥാനത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കോഴിക്കോട് എൻ.ഐ.ഐ.ടി സംഘവും ഓപ്പൺ യൂണിവേഴ്സിറ്റി അധികൃതരും തമ്മിൽ 3ന് ചർച്ച നടക്കും. ആസ്ഥാനത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിന് സർക്കാർ നേരത്തെ പത്ത് കോടി പ്രഖ്യാപിച്ചിട്ടുണ്ട്. മാസ്റ്റർ പ്ലാനിലെ വിവിധ ഘടങ്ങൾ ഘട്ടം ഘട്ടമായിട്ടാകും നിർമ്മിക്കുക. അക്കാഡമിക് ബ്ലോക്കിന്റെ നിർമ്മാണം ആദ്യം ആരംഭിക്കും.
വരുന്നത് വമ്പൻ കാമ്പസ്
അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക് ആൻഡ് ട്രെയിനിംഗ് സെന്റർ, പരീക്ഷാ ബ്ലോക്ക്, മെറ്റീരിയൽ പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഡിവിഷൻ, വെർച്വൽ സ്റ്റുഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, ലൈബ്രറി, അക്കാഡമിക് സ്കൂൾ റിസർച്ച് സെന്ററുകൾ, ശ്രീനാരായണഗുരു നവോത്ഥാന മ്യൂസിയം, പബ്ലിക്കേഷൻ ഡിവിഷൻ, കായിക വിനോദ സംവിധാനങ്ങൾ, ബൊട്ടാണിക്കൽ ഗാർഡൻ, ഓഡിറ്റോറിയവും തീയേറ്ററും, ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ്, വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ, കാന്റീൻ, ഗസ്റ്റ് ഹൗസ്, റിക്രിയേഷൻ സെന്റർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |