കൊല്ലം: അറസ്റ്റ് ചെയ്യാനെത്തിയ തമിഴ്നാട് പൊലീസിനെ കണ്ട് കൊല്ലം കുറവൻപാലത്തിന് സമീപത്ത് നിന്ന് വധശ്രമക്കേസ് പ്രതി രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശിയായ ശരവണൻ അയ്യപ്പനാണ് രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. രണ്ട് വർഷം മുമ്പ് നടന്ന വധശ്രമത്തിലെ പ്രതിയാണ് ശരവണൻ അയ്യപ്പൻ. തമിഴ്നാട്ടിൽ നിന്ന് രക്ഷപ്പെട്ട ശേഷം ശരവണൻ മൊബൈൽ ഫോൺ കാര്യമായി ഉപയോഗിച്ചിരുന്നില്ല. കൊല്ലത്തെത്തി ആക്രി ശേഖരിച്ച് വിറ്റുവരുകയായിരുന്നു. ശരവണന്റെ മൊബൈൽ ഫോൺ നമ്പർ നിരീക്ഷിച്ച് വരികയായിരുന്ന തമിഴ്നാട് പൊലീസ് ഏതാനും ദിവസം മുമ്പ് കൊല്ലം സ്വദേശിയെ ബന്ധപ്പെട്ടതായി കണ്ടെത്തി. തുടർന്ന് ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് പൊലീസ് കുറവൻ പാലത്തിന് സമീപമെത്തിയത്.
കൊല്ലം ഈസ്റ്റ് പൊലീസിന്റെ സഹായവും തേടിയിരുന്നു. എന്നാൽ പൊലീസിനെ കണ്ടപാടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി നഗരത്തിൽ ഒഴിഞ്ഞുകിടക്കുന്ന വീടുകളും കാടുമൂടിയ പ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കി. ആര്യാങ്കാവ് ചെക്ക് പോസ്റ്റിലും ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും പ്രത്യേക പരിശോധന നടക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |