കൊട്ടാരക്കര: നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു ഹരിത കർമ്മസേനാംഗങ്ങൾക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ കുളക്കട പുത്തൂർ മുക്ക് ചരുവിള വീട്ടിൽ രാധാമണി(50)യെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുത്തൂർമുക്ക് പ്ളാവിളവീട്ടിൽ ഷീജാ ജോസ് (48) കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. രാധാമണിയുടെ തലയ്ക്കും കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 11.50ന് കുളക്കട പുത്തൂർ മുക്കിന് സമീപമാണ് അപകടം സംഭവിച്ചത് . പതിവുപോലെ പുത്തൂർ മുക്ക് ഭാഗത്തെ വീടുകളിൽ നിന്ന് പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കാൻ പോയ ഇരുവരും റോഡിന് വശത്തു നിൽക്കുമ്പോൾ സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കുന്നതിനായി
വെട്ടിത്തിരിച്ച കാർ നിയന്ത്രണം വിട്ട് ഇരുവരെയും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. അടൂർ ഭാഗത്തു
നിന്ന് കൊട്ടാരക്കരയ്ക്ക് വരികയായിരുന്ന കാർ പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |