കഞ്ചാവ് എത്തിക്കുന്നത് മാവോയിസ്റ്റ് മേഖലയിൽ നിന്ന്
കൊല്ലം: എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് ഓച്ചിറ വയനകത്ത് നടത്തിയ മിന്നൽ പരിശോധനയിൽ ഇതര സംസ്ഥാനക്കാർ അടക്കമുള്ള, കഞ്ചാവിന്റെ മൊത്ത വിതരണ സംഘം പിടിയിലായി. ഇവരുടെ പക്കൽ നിന്ന് 10.08 കിലോ കഞ്ചാവ് പിടിച്ചെടുത്തു.
ഓച്ചിറ ഞക്കനാൽ മുരളിക വീട്ടിൽ രാജേഷ്കുമാർ (41), ഒഡീഷ, ഗഞ്ചം ബോറിഡാ സ്വദേശി എം. ബറീഡ, കോഡാല സ്വദേശി രാംബാബു (27), ഒഡീഷ കോഡാല സ്വദേശി സുശാന്ത് കുമാർ (22 ), ഗഞ്ചം മർഡാക്കോട്ട സ്വദേശി രാജേഷ്കുമാർ പോലായി (18) എന്നിവരാണ് പിടിയിലായത്. അന്തർ സംസ്ഥാന കഞ്ചാവ് വിതരണ ശൃംഖലയിലെ പ്രധാന കണ്ണികളാണ് ഇവർ. ഒഡീഷയിലെ മാവോയിസ്റ്റ് മേഖലയിൽ നിന്ന് വൻ വിലക്കുറവിൽ കഞ്ചാവ് ശേഖരിച്ച് സംസ്ഥാനത്തേക്ക് എത്തിക്കുന്നവരാണ് പ്രതികൾ. എക്സൈസ് സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സർക്കിൾ ഇൻസ്പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രേം നസീർ, ഇന്റലിജൻസ് വിഭാഗം പ്രിവന്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ ബി.എസ്. അജിത്, എം.ആർ. അനീഷ്, ജൂലിയൻ ക്രൂസ്, ജെ. ജോജോ, പി. സൂരജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ജി. ഗംഗ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |