കൊല്ലം: നായേഴ്സ് ജംഗ്ഷൻ- ഉളിയക്കോവിൽ റോഡ് തകർന്ന് തരിപ്പണമായി രണ്ടു വർഷത്തോളമായിട്ടും നടപടിയില്ല.
ഏഴ് വർഷത്തിനിടെ കാര്യമായ നവീകരണ പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല. നായേഴ്സ് ജംഗ്ഷൻ മുതൽ കണ്ണമത്ത് ക്ഷേത്രം വരെ ഒന്നര കിലോമീറ്ററോളം ഭാഗമാണ് നാമാവശേഷമായത്.
സെന്റ് മേരീസ് ഇംഗ്ളീഷ് മീഡിയം പബ്ലിക് സ്കൂൾ, സിറ്റി സെൻട്രൽ സ്കൂൾ, കുമാര വിലാസം യു പി സ്കൂൾ തുടങ്ങി നഗരത്തിലെ നാല് പ്രധാന സ്കൂളുകളിലേക്ക് പോകാനുളള ഏക മാർഗമാണിത്. നിരവധി രക്ഷിതാക്കൾ വിദ്യാർത്ഥികളുമായി ഇരുചക്ര വാഹനങ്ങളിലാണ് ഇതുവഴി സഞ്ചരിക്കുന്നത്. നായേഴ്സ് ആശുപത്രി ജംഗ്ഷനിൽ റോഡ് ആരംഭിക്കുന്ന ഭാഗത്തുള്ള ഭീമൻ കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. മഴക്കാലത്ത് ഈ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളം നിറയുന്നതോടെ റോഡിലെ കുഴികൾ തിരിച്ചറിയാനാകില്ല. ഇങ്ങനെ അപകടങ്ങൾ പതിവായതോടെ കൗൺസിലർ പരാതിപ്പെട്ടു. തൊട്ടുപിന്നാലെ കുഴികൾ അടച്ചെങ്കിലും മാസങ്ങൾക്കകം വീണ്ടും പഴയ അവസ്ഥയായി.
പണമുണ്ട്, പണിയില്ല!
നായേഴ്സ് ജംഗ്ഷൻ- ഉളിയക്കോവിൽ റോഡിന്റ വശങ്ങളിൽ ഓട നിർമ്മിക്കാൻ വർഷങ്ങൾക്ക് മുൻപേ അമൃത് പദ്ധതിയിൽ നിന്ന് ഒന്നരക്കോടി അനുവദിച്ചിരുന്നു. പക്ഷെ ഇതുവരെ നിർമ്മാണം നടന്നിട്ടില്ല. അതുകൊണ്ട് മഴക്കാലത്ത് റോഡിൽ തളം കെട്ടുന്ന വെള്ളം ദിവസങ്ങൾക്ക് ശേഷമാണ് വറ്റുന്നത്.
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥയിലാണ് ഈ റോഡ്. റോഡിന്റെ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നവീകരണ പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാരെ കിട്ടുന്നില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്
ടി.ആർ. അഭിലാഷ്, കൗൺസിലർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |