SignIn
Kerala Kaumudi Online
Thursday, 22 October 2026 8.59 PM IST

സ്ത്രീധന പീഡനം: എസ്.ഐയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി​

കൊല്ലം :പൂതക്കുളം സ്വദേശിയായ യുവതി നൽകിയ പരാതിയെ തുടർന്ന് സ്‌ത്രീധന പീഡന കേസിൽ പ്രതി ചേർക്കപ്പെട്ട ഭർത്താവായ വർക്കല എസ്.ഐ അഭിഷേകിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. സ്ത്രീധന പീഡനത്തിന് പുറമെ കുറ്റകരമായ ഗൂഢാലോചന, വിശ്വാസവഞ്ചന, സ്ത്രീധന നിരോധന നിയമത്തിലെ പ്രസക്ത വകുപ്പുകൾ ഉൾപ്പെടെ ചേർത്തെടുത്ത കേസിലാണ് എസ്.ഐ യുടെ ജാമ്യാപേക്ഷ കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് തള്ളിയത്.

നിയമ വിദ്യാർത്ഥി കൂടിയായ യുവതി നൽകിയ പരാതിയിലാണ് കേസ്. അഭിഷേകിന്റെ സുഹൃത്ത് എസ്.ഐ ആശ, മാതാവ്, സഹോദരൻ എന്നിവരാണ് രണ്ടും മൂന്നും നാലും പ്രതികൾ. 2017 ൽ വിവാഹിതനാകുമ്പോൾ അഭിഷേക് പൊലീസ് കോൺസ്റ്റബിൾ ആയിരുന്നു. അഭിഷേകിന്റെയും മാതാവിന്റെയും ആവശ്യപ്രകാരം 100 പവനും. സ്വിഫ്റ്റ് കാറും വിവാഹ ചെലവിനായി അഞ്ച് ലക്ഷം രൂപയും സ്ത്രീധനമായി നൽകി.. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് പരാതിക്കാരിയെ നിരന്തരം പീഡിപ്പിച്ചു. 25 പവൻ പലപ്പോഴായി വിറ്റ് അഭിഷേകും മാതാവും അവരുടെ കടം തീർക്കുകയും ചെയ്തു. അഭിഷേകിന്റെ നിർബന്ധ പ്രകാരം ബാക്കിയുള്ള സ്വർണവും പരാതിക്കാരിയുടെ അമ്മയുടെ പേരിലുണ്ടായിരുന്ന സ്ഥിര നിക്ഷേപവും എടുത്ത് വീടും സ്ഥലവും വാങ്ങിപ്പിക്കുകയും ചെയ്‌തു. എസ്.ഐ ട്രെയിനിംഗ് കഴിഞ്ഞ ശേഷം വട്ടിയൂർകാവിലെ വാടക വീട്ടിൽ അഭിഷേക് തനിയെ താമസം തുടങ്ങി. ഇവിടെ അഭി​ഷേകി​നെയും സുഹൃത്തായ വനിത എസ്.ഐയെയും പരാതിക്കാരി കണ്ടു. തുടർന്ന് വഴക്കുണ്ടായി. കുറച്ച് നാൾ കഴിഞ്ഞ് അഭിഷേകും വനിത എസ്.ഐയും പരാതിക്കാരി താമസിക്കുന്ന വീട്ടിലെത്തി. തങ്ങളുടെ കുടുംബ ജീവിതം നശിപ്പിക്കരുതെന്ന് യുവതി വനിത എസ്.ഐ യോട് അപേക്ഷിച്ചു. ഈ സമയം യുവതിയെ വനിത എസ്.ഐ കഴുത്തിന് കുത്തിപ്പി​ടിക്കുകയും തല്ലുകയും ചെയ്‌തു. തങ്ങളുടെ അടുപ്പം പുറത്തറിയിച്ചാൽ കൊല്ലുമെന്നും അച്ഛനെയും സഹോദരിയെയും കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി​യെന്നും പരാതി​യുണ്ട്. പരാതിയിൽ കഴമ്പുണ്ടെന്നും ഒന്നും രണ്ടും പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ ശരിവയ്‌ക്കുന്ന രീതിയിൽ കോൾ റെക്കോർഡും ഫോട്ടോഗ്രാഫുകളും ഉൾപ്പടെ തെളിവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചതിനെ തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്. പരാതിക്കാരിക്ക് വേണ്ടി അഡ്വ. ശ്യാമ ജിസ്, പ്രോസിക്യൂഷന് വേണ്ടി ജില്ലാ പ്രോസിക്യൂട്ടർ സിസിൻ ജി മുണ്ടയ്‌‌ക്കൽ എന്നിവർ ഹാജരായി.

ക്രൈംബ്രാഞ്ച് എസ്.ഐക്ക് സ്ഥലംമാറ്റം

എസ്.ഐ പ്രതിയായ സ്‌ത്രീധന പീഡന കേസിൽ അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനൊപ്പമുണ്ടായിരുന്ന സിറ്റി ക്രൈംബ്രാഞ്ച് എസ്.ഐക്ക് സ്ഥലം മാറ്റം. ജാമ്യം നിഷേധിച്ച അതേ ദിവസം തന്നെ എസ്.ഐയെ ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്ന് ഇരവിപുരം സ്‌റ്റേഷനിലേക്ക് മാറ്റി​യി​രുന്നു. പരവൂർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ അന്നത്തെ കമ്മീഷണറാണ് അന്വേഷണം സിറ്റി ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈംബ്രാഞ്ച് എ.സി.പിയുടെ ടീമിലെ അംഗമായിരുന്ന ക്രൈംബ്രാഞ്ച് എസ്.ഐ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ ബാഹ്യസമ്മർദങ്ങൾക്ക് വിധേയനായില്ല. കേസ് അട്ടിമറിക്കാൻ പൊലീസിലെ വിവിധ തലങ്ങളിലുള്ളവർ ഇടപെട്ടിരുന്നു. ഒത്തു തീർപ്പിന് പരാതിക്കാരിയുടെ മേൽ സമ്മർദവുമുണ്ടായിരുന്നു പ്രതികൾക്ക് കൗൺസലിംഗ് നൽകിയാൽ തീരുന്ന കേസാണെന്ന് പോലും ചില ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. പരാതിക്കാരിയുടെ മൊഴിയിലെ വിവരങ്ങൾ പ്രതികളായ എസ്.ഐമാർക്ക് ലഭിച്ചിരുന്നുവെന്നും അതനുസരി​ച്ച് മൊഴി ചിട്ടപ്പെടുത്താൻ അവർക്ക് അവസരം ലഭിച്ചിരുന്നുവന്നും പരാതിക്കാരിയുടെ പിതാവ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL