കൊല്ലം: പ്രതിപക്ഷ സർവീസ് സംഘടനകളുടെ കൂട്ടായ്മയായ സെറ്റോയുടെയും സി.പി.ഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെയും നേതൃത്വത്തിൽ ഇന്നലെ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പണിമുടക്കിൽ ജില്ലയിൽ സർക്കാർ ഓഫീസുകളുടെ താളം തെറ്റി.
സി.പി.ഐയുടെ കൈയിലുള്ള റവന്യു, പൊതുവിതരണം, കൃഷി, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ ജില്ലയിലെ ഓഫീസുകളുടെ പ്രവർത്തനം 85 ശതമാനത്തോളം സ്തംഭിച്ച അവസ്ഥയിലായിരുന്നു. കളക്ടറേറ്റിലെ റവന്യു വിഭാഗത്തിലെ 228 ജീവനക്കാരിൽ 34 പേർ മാത്രമാണ് ജോലിക്കെത്തിയത്. എഴുപേർ അവധി അപേക്ഷ നൽകിയിരുന്നു. വലിയൊരു വിഭാഗം വില്ലേജ് ഓഫീസുകളും കൃഷി ഭവനുകളും അടഞ്ഞുകിടന്നു. തുറന്ന വില്ലേജ് ഓഫീസുകളിൽ ഒന്നോ രണ്ടോ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. താലൂക്ക് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസ്, കൃഷി അസി. ഡയറക്ടർ ഓഫീസ് തുടങ്ങിയവയുടെ പ്രവർത്തനത്തെയും പണിമുടക്ക് സാരമായി ബാധിച്ചു.
മോട്ടോർ വാഹന വകുപ്പിലെ ഹാജർ വളരെക്കുറവായിരുന്നു. ജില്ലയിൽ പൊലീസിലും അവശ്യസർവീസുകളിലും മാത്രമാണ് പണിമുടക്ക് ബാധിക്കാതിരുന്നത്. 78 ശതമാനത്തോളം നോൺ ഗസറ്റഡ് ജീവനക്കാർ ജോലിയിൽ നിന്ന് വിട്ടുനിന്നുവെന്നാണ് പണിമുടക്കിന് നേതൃത്വം നൽകിയ സംഘടനകളുടെ അവകാശവാദം.
സമരപ്പന്തൽ പൊളിപ്പിച്ചു
പണിമുടക്കിയ ജീവനക്കാർക്ക് ധർണയിരിക്കാൻ കളക്ടറേറ്റിന്റെ പ്രധാന കവാടത്തിന് മുന്നിൽ ജോയിന്റ് കൗൺസിൽ കെട്ടിയ സമരപ്പന്തൽ പൊലീസ് ഇടപെട്ട് പൊളിപ്പിച്ചു. പൊതുസ്ഥലത്ത് സ്ഥാപിച്ച പന്തൽ പൊളിക്കണമെന്ന പൊലീസിന്റെ ആവശ്യം ആദ്യം ജോയിന്റ് കൗൺസിൽ പ്രവർത്തകർ എതിർത്തത് ഏറെ നേരം വാക്കേറ്റത്തിന് ഇടയാക്കി. പൊലീസ് നിലപാടിൽ ഉറച്ചുനിന്നതോടെ പ്രവർത്തകർ പന്തൽ പൊളിച്ച് നീക്കുകയായിരുന്നു.
സമരഗേറ്റിന് മുന്നിൽ സംഘർഷം
ആനന്ദവല്ലീശ്വരം ഭാഗത്തുള്ള കളക്ടറേറ്റിന്റെ സമരഗേറ്റ് വളഞ്ഞ് മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്ന സെറ്റോ, ജോയിന്റ് കൗൺസിൽ പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിലേക്ക് നീങ്ങി. ഇതിനിടെ എൻ.ജി.ഒ യൂണിയൻ നേതാക്കൾ സ്ഥലെത്തി ജീവനക്കാർക്ക് പ്രവേശിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടതോടെ ഉണ്ടായ തർക്കം ഉന്തിലും തള്ളിലും കലാശിക്കുകയായിരുന്നു. ജോയിന്റ് കൗൺസിലിന്റെയും കെ.ആർ.ഡി.എസ്.എയുടെയും നേതാക്കളെ പൊലീസ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |