
കൊല്ലം: നിർമാർജ്ജനം ചെയ്ത കുഷ്ടരോഗം വീണ്ടും കണ്ടുതുടങ്ങിയതോടെ ബോധവത്കരണവും പരിശോധനകളുമായി ആരോഗ്യവകുപ്പ്. കുഷ്ഠരോഗ നിർമാർജ്ജനത്തിനായി പ്രഖ്യാപിച്ച 'അശ്വമേധം' ഭവന സന്ദർശന പരിപാടി ഈ മാസം 30ന് ആരംഭിക്കും. ഫെബ്രുവരി 12 വരെയാണ് ക്യാമ്പയിൻ കാലയളവ്.
പരിശീലനം ലഭിച്ച രണ്ട് ആരോഗ്യ പ്രവർത്തകർ ജില്ലയിലെ മുഴുവൻ വീടുകളും സന്ദർശിച്ച് ചർമ്മ പരിശോധന നടത്തി കുഷ്ഠരോഗസമാന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആശുപത്രികളിൽ എത്തിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കും. ചികിത്സ സൗജന്യമാണ്. ഭവനസന്ദർശനം നടത്തുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, വോളണ്ടിയർമാർ എന്നിവർക്ക് പരിശീലനം നൽകി. കുട്ടികളിലെ രോഗബാധ, അംഗവൈകല്യം സംഭവിക്കുന്നവരുടെ നിരക്ക് പ്രത്യേകം നിരീക്ഷിക്കും. രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റിയെടുത്ത് അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ക്യാമ്പയിൻ. ഓരോ തദ്ദേശസ്ഥാപനങ്ങൾതോറും വ്യാപകമായി പ്രചാരണം നടത്താൻ തദ്ദേശസ്വയംഭരണം ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. പട്ടികവർഗ മേഖലയിലും ഇതരസംസ്ഥാന തൊഴിലാളികൾ വസിക്കുന്ന മേഖലയിലും പ്രത്യേക പ്രചാരണം നടത്തും. സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കിടയിൽ വ്യാപക പ്രചാരണം നടത്തുന്നതിന് പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ളവർക്ക് നിർദേശം നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദേശം നൽകി. ഇത്തരം രോഗലക്ഷണങ്ങളുമായി ഹോമിയോ, ആയുഷ് വിഭാഗങ്ങളിൽ ചികിത്സ തേടുന്നവർ ജില്ലാ മെഡിക്കൽ ഓഫീസിൽ വിവരം അറിയിക്കണം. ക്യാമ്പയിൻ നടത്തുന്നതിന്റെ ഭാഗമായി കളക്ടറുടെ ചേംബറിൽ ഇന്റർ സെക്ടറൽ യോഗം ചേർന്നു. ഡെപ്യൂട്ടി ഡി.എം.ഒയും ജില്ലാ ലെപ്രസി ഓഫീസറുമായ ഡോ. എ.ആർ.ശ്രീഹരി വിഷയം അവതരിപ്പിച്ചു. ജില്ലാതല ഉദ്യോഗസ്ഥർ, മെഡിക്കൽ കോളേജ് കമ്മ്യുണിറ്റി മെഡിസിൻ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
തുടച്ചുനീക്കിയിട്ടും വീണ്ടും
നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പർശന ശേഷി കുറഞ്ഞ പാടുകൾ
പാടുകളിൽ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കൽ
കൈകാലുകളിൽ മരവിപ്പ്
കട്ടിയുള്ള തിളങ്ങുന്ന ചർമ്മം
തടിപ്പുകൾ
വേദനയില്ലാത്ത വ്രണങ്ങൾ
വൈകല്യങ്ങൾ
പകരാനുള്ള സാദ്ധ്യത കൂടുതൽ
രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 5 മുതൽ 10 വർഷം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രകടമാകുക
ഈ കാലയളവ് രോഗം പകരാനുള്ള സാദ്ധ്യത വളരെ കൂടുതൽ
ആരംഭത്തിൽ കണ്ടുപിടിച്ച് ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാം
രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം പ്രത്യക്ഷമാകുന്നത്
ജില്ലയിൽ കുഷ്ഠരോഗികൾ-12
പൊതുജനങ്ങൾ എല്ലാവരും പരിശോധനയ്ക്ക് തയ്യാറാകണം.
എൻ. ദേവിദാസ്,
ജില്ലാ കളക്ടർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |