കൊല്ലം: ഉടമകൾ ജയിലിലായതോടെ വീട്ടിൽ ഒറ്റപ്പെട്ട ആട്ടിൻകുട്ടിക്ക് അഭയമൊരുക്കി ചിതറ സ്റ്റേഷനിലെ പൊലീസുകാർ. കഴിഞ്ഞ 20നായിരുന്നു ചിതറ കല്ലുവെട്ടാൻകുഴിക്ക് സമീപത്തെ വാടകവീട്ടിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തിൽ റെയ്ഡ് നടത്തി പൊലീസ് മൂന്നുപ്രതികളെ അറസ്റ്റ് ചെയ്തത്.
വീടിന് സമീപം ഷെഡ് കെട്ടിയായിരുന്നു പ്രതികൾ താമസിച്ചിരുന്നത്. കൂട്ടിന് ആടും പട്ടിയും പൂച്ചയും ഉണ്ടായിരുന്നു. വീട്ടുകാരെ പൊലീസ് കൊണ്ടുപോയതോടെ പൂച്ചയെയും പട്ടിയെയും മൃഗസംരക്ഷകർ ഏറ്റെടുത്തു. ഇതോടെ ആട്ടിൻകുട്ടി തനിച്ചായി. ഇതറിഞ്ഞ ചിതറ എസ്.എച്ച്.ഒ സന്തോഷിന്റെ നേതൃത്വത്തിൽ ആട്ടിൻകുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. എസ്.എച്ച്.ഒ അവൾക്ക് അമ്മിണിയെന്ന് പേരുമിട്ടു.
ഒരുദിവസം കൊണ്ടുതന്നെ അമ്മിണിക്കുട്ടി എല്ലാവരുമായി ഇണങ്ങി. 'അമ്മിണി' എന്ന് വിളിച്ചാൽ വിളിക്കുന്നവരുടെ അടുത്തേക്ക് അവൾ ഓടിയെത്തും. സ്റ്റേഷനിലെ വെയിറ്റിംഗ് ഷെഡിലാണ് രാത്രി ഉറക്കം. രാവിലെ സ്റ്റേഷൻ പരിസരത്തെ മരത്തിൽ കെട്ടും. പ്ലാവിലയോടാണ് കൂടുതൽ ഇഷ്ടമെങ്കിലും കൊടുക്കുന്നത് എന്തും കഴിക്കും.
പുളിയരി, പിണ്ണാക്ക്, തവിട് എന്നിവയും അമ്മിണിക്ക് നൽകുന്നുണ്ട്. ഒരു ദിവസം കുറഞ്ഞത് 100 രൂപയോളം ആഹാരത്തിന് ചെലവാകുന്നുണ്ട്. ചെലവ് നോക്കുന്നതും അഴിച്ചു കെട്ടുന്നതും കുളിപ്പിക്കുന്നതുമെല്ലാം പൊലീസുകാർ തന്നെ. ആടിന്റെ ഉടമകൾ റിമാൻഡിലാണ്. ഇവർ പുറത്തിറങ്ങുമ്പോൾ ആടിനെ അവർക്കൊപ്പം വിട്ടയയ്ക്കും.
വാശിയൊന്നും ഇല്ലാത്ത പാവമാണ് അമ്മിണിയാട്. നൽകുന്ന എന്ത് ഭക്ഷണവും കഴിക്കും.
കെ.ബൈജുകുമാർ
ഡിവൈ.എസ്.പി, കൊട്ടാരക്കര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |