
കൊല്ലം: സംസ്ഥാന സർക്കാർ കൊല്ലത്ത് ലക്ഷ്യമിടുന്ന മറൈൻ ഓഷ്യനേറിയം പദ്ധതിയിൽ അഡ്വഞ്ചർ ടൂറിസവും ഉൾപ്പെടുത്താൻ ആലോചന. കടൽ കേന്ദ്രീകരിച്ചുള്ള സാഹസിക വിനോദങ്ങൾക്ക് പുറമേ കടലിന്റെ അടിത്തട്ടിലേക്ക് സഞ്ചരിച്ച് പവിഴപ്പുറ്റുകൾ അടക്കം കാണാനുള്ള സൗകര്യമാകും ഒരുക്കുക.
പദ്ധതിയുടെ ട്രാൻസാക്ഷൻ അഡ്വൈസറായ സ്വകാര്യ കമ്പനി ഏണസ്റ്റ് ആൻഡ് യംഗിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ പ്രാഥമിക രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. തിരുമുല്ലവാരം ബീച്ചിനോട് ചേർന്ന് പദ്ധതി നടപ്പാക്കാനാണ് ആലോചന. ഇവിടെ ഏകദേശം അഞ്ച് ഏക്കർ വിസ്തീർണമുള്ള മൂന്ന് സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ മൂന്ന് സ്ഥലങ്ങളും പുറമ്പോക്ക് ഭൂമിയെന്നാണ് നിലവിലെ നിഗമനം. ഒരു ഭൂമിയിൽ ഒന്നരയേക്കർ സ്ഥലത്ത് മത്സ്യഫെഡിന്റെ ഹാച്ചറി കൂടി ഉൾപ്പെട്ടതാണ്.
മന്ത്രി കെ.എൻ.ബാലഗോപാൽ, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, ഫിഷറീസ് വകുപ്പ് ഡയറക്ടർ ബി.അബ്ദുൾ നാസർ, കളക്ടർ എൻ.ദേവിദാസ്, പദ്ധതിയുടെ നിർവഹണ ഏജൻസിയായ തീരദേശ വികസന കോർപ്പറേഷന്റെ മാനേജിംഗ് ഡയറക്ടർ ഷേഖ് പരീത് എന്നിവരടങ്ങുന്ന സംഘം തിരുമുല്ലവാരത്ത് പരിഗണനയിലുള്ള രണ്ട് സ്ഥലങ്ങൾ സന്ദർശിച്ചു. കളക്ടർ വൈകാതെ പരിഗണനയിലുള്ള മൂന്ന് സ്ഥലങ്ങളുടെയും വിശദവിവരങ്ങളടങ്ങിയ റിപ്പോർട്ട് സർക്കാരിന് കൈമാറും. ഇതിൽ നിന്ന് ഒരു ഭൂമി തിരഞ്ഞെടുത്ത് നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കും. മൂന്ന് മാസത്തിനുള്ളിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കി പത്ത് മാസത്തിനുള്ളിൽ ഓഷ്യനേറിയത്തിന്റെ നിർമ്മാണം ആരംഭിക്കാനാണ് ആലോചന.
വിരുന്നെത്തും കടലോളം കാഴ്കൾ
250 മീറ്റർ നീളമുള്ള ട്യൂബ് അക്വേറിയം
വിശാലമായ കൺവെഷൻ സെന്റർ
മറൈൻ ഫുഡ് പാർക്ക്
മറൈൻ ഫുഡ് കോർട്ട്
കുട്ടികളുടെ പാർക്ക്
സമുദ്ര ഗവേഷണ കേന്ദ്രം
ആഴക്കടൽ ജീവികളുടെ പ്രദർശനം
കടൽപ്പായൽ ഗവേഷണം
സൗന്ദ്യര്യവർദ്ധക വസ്തുക്കളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന കടൽപ്പായൽ വലിയളവിൽ ഓഷ്യനേറിയം ലക്ഷ്യമിടുന്ന തിരുമുല്ലവാരം കടൽത്തീരത്തുണ്ട്. അതുകൊണ്ട് തന്നെ കടൽപ്പായലിൽ നിന്ന് മൂല്യവർദ്ധിത വസ്തുക്കൾ നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള ഗവേഷണവും ഓഷ്യനേറിയം കേന്ദ്രീകരിച്ച് ഉണ്ടാകും. കുടുംബശ്രീ യൂണിറ്റ് അടക്കമുള്ള സംരംഭങ്ങൾ മൂല്യവർദ്ധിത വസ്തുക്കളുടെ നിർമ്മാണത്തിൽ പങ്കാളിയാക്കാനും ആലോചനയുണ്ട്.
പ്രതീക്ഷിക്കുന്ന ചെലവ്
₹ 300 കോടി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |