കൊല്ലം: മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറുകളിൽ ആദ്യത്തേത് 3ന് നടക്കും. വിവിധ വിഷയങ്ങളിൽ 96 സെമിനാറുകളാണ് ജില്ലയിലെ വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്നത്. സാർവദേശീയവും, ദേശീയവും പ്രാദേശികവുമായ വിഷയങ്ങളിൽ നടക്കുന്ന സെമിനാറുകളിൽ രാജ്യാന്തര പ്രശസ്‌തരായ സാങ്കേതിക, വൈജ്ഞാനിക വിദഗ്‌ദ്ധരും നിയമപണ്ഡിതരും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ എന്ന വിഷയത്തിൽ 3ന് വൈകിട്ട് 4ന് കൊല്ലം ടൗൺ ഹാളിൽ നടക്കുന്ന സെമിനാർ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. പ്രഭാത്പട്‌നായിക് ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി കെ.എൻ.ബാലഗോപാൽ, ചീഫ് വിപ്പ് ഡോ. എൻ.ജയരാജ് എന്നിവർ പങ്കെടുക്കും. ഡോ.കെ.എൻ.ഹരിലാൽ മോഡറേറ്ററാകും.
നാലാം തൂണിന് ക്ഷതമേൽക്കുമ്പോൾ എന്ന വിഷയത്തിൽ 15ന് നടക്കുന്ന സെമിനാർ പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ എൻ.റാം ഉദ്ഘാടനം ചെയ്യും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി വിഷയം അതരിപ്പിക്കും. കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് അടക്കമുള്ള മാദ്ധ്യമ പ്രവർത്തകർ പങ്കെടുക്കും.
പ്രൊഫ. അമർഫാറൂഖി, എൻ.റാം, വൃന്ദാകാരാട്ട്, ജസ്റ്റിസ് ചെലമേശ്വർ, മുഹമ്മദ് യൂസഫ് തരിഗാമി, പ്രബീർ പുർകായസ്‌ഥ, തപൻസെൻ, പി.പ്രസാദ്, പി.രാജീവ്, വീണജോർജ്, വി.എൻ.വാസവൻ, എം.ബി.രാജേഷ്, സുനിൽ.പി.ഇളയിടം, ബിനോയ് വിശ്വം, എം.സ്വരാജ്, പ്രൊഫ.കെ.എൻ.ഗണേഷ്, എളമരംകരീം, പുത്തലത്ത് ദിനേശൻ, എം.വി.ജയരാജൻ, ഷിബു ബേബിജോൺ, കെ.ഗോപാലകൃഷ്ണക്കുറുപ്പ്, പ്രൊഫ. സി.രവീന്ദ്രനാഥ്, മുരളി തുമ്മാരുകുടി, ഡോ. രാജൻ ഗുരുക്കൾ, കെ.കെ.ശൈലജ, പി.കെ.ശ്രീമതി, ജെ.ദേവിക, കെ.പ്രകാശ് ബാബു, ശേഖർ കുര്യാക്കോസ്, ഡോ.ബി.ഇക്ബാൽ, ടി.എം.തോമസ് ഐസക്, വിജു കൃഷ്ണൻ തുടങ്ങിയവർ വിവിധ സെമിനാറുകളിൽ പങ്കെടുക്കും.
നഗരത്തിൽ നടക്കുന്ന സെമിനാറുകൾ കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺഹാൾ, കൊല്ലം ക്യു.എ.സി ഗ്രൗണ്ടിൽ തയ്യാറാക്കുന്ന സ്ഥിരം സെമിനാർ വേദി എന്നിവിടങ്ങളിലാകും നടക്കുക. സ്വാഗതസംഘം ജനറൽ കൺവീനർ എസ്. സുദേവൻ, സെമിനാർ കമ്മിറ്റി ചെയർപേഴ്‌സൺ ജെ.മേഴ്സിക്കുട്ടിഅമ്മ, കൺവീനർ എസ്.ജയമോഹൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |