കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സി.ഐ.ടി.യു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തൊഴിലാളി സംഗമങ്ങൾക്ക് ഇന്ന് തുടക്കമാകും. ജില്ലയിലെ 18 ഏരിയാകളിലും ആയിരക്കണക്കിന് തൊഴിലാളികൾ സംഗമങ്ങളിൽ പങ്കെടുക്കുമെന്ന് സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പും സെക്രട്ടറി എസ്.ജയമോഹനും അറിയിച്ചു.
'ജോലിയും കൂലിയും സംരക്ഷിക്കാൻ നമുക്കൊത്തുചേരാം; പോരാടാം" എന്ന മുദ്രാവാക്യമുയർത്തിയാണ് സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ തൊഴിലാളി സംഗമങ്ങൾ സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം 68 ഗ്രാമപഞ്ചായത്തുകളിലും നാല് നഗരസഭകളിലും കൊല്ലം കോർപ്പറേഷനിലും ഇതേ മുദ്രാവാക്യമുയർത്തി സംഗമങ്ങൾ നടക്കും. ഏരിയ തലത്തിൽ ആയിരം തൊഴിലാളികളും തദ്ദേശസ്ഥാപന തലത്തിൽ 500 തൊഴിലാളികളും പങ്കെടുക്കും.
സംഗമങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് പുനലൂരിൽ എൽ.ഡി.എഫ് കൺവീനറും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് കടയ്ക്കലിലെ സംഗമവും ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീം, ദേശീയ വൈസ് പ്രസിഡന്റ് ജെ.മേഴ്സിക്കുട്ടിഅമ്മ, സംസ്ഥാന നേതാക്കളായ അഡ്വ. സുനിൽകുമാർ, ബി.ബി.ഹർഷകുമാർ, സി.എസ്.സുജാത, പി.സജി, ഹരിലാൽ, നെടുവത്തൂർ സുന്ദരേശൻ എന്നിവർ സംഗമങ്ങൾക്ക് നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |