SignIn
Kerala Kaumudi Online
Thursday, 22 October 2026 7.53 PM IST

ഫ്രിഡ്ജ് റിപ്പയർ കടയിൽ തീപിടിത്തം: മൂന്നുലക്ഷം രൂപയുടെ നഷ്ടം

ss
ഫ്രിഡ്ജ് റിപ്പയർ കടയിൽ തീ പടർന്നപ്പോൾ

കൊല്ലം: ആയൂർ സംസ്ഥാന പാതയ്ക്ക് അരികിൽ അയത്തിൽ രണ്ടാം നമ്പർ ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ഫ്രിഡ്ജ് റിപ്പയർ കടയിൽ തീപിടിത്തം. പ്രദീപിന്റെ ഉടമസ്ഥതയിലുള്ള കൂൾ കെയർ എന്ന കടയിൽ ഇന്നലെ രാവിലെ 8.30 ഓടെയാണ് തീപിടിച്ചത്. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഓടിട്ട കടയുടെ മുകൾഭാഗവും മുൻവശവും കടയ്ക്ക് മുന്നിലും അകത്തുമായി വച്ചിരുന്ന നിരവധി ഫ്രിഡ്ജുകളും അഗ്നിക്ക് ഇരയായി. റിപ്പയറിംഗിന് കൊണ്ടുവന്ന ഫ്രിഡ്ജുകളും റിപ്പയറിംഗ് കഴിഞ്ഞ് വച്ചിരുന്ന ഫ്രിഡ്ജുകളുമാണ് കത്തി നശിച്ചത്. കടയ്ക്ക് പുറത്ത് വച്ചിരുന്ന ഫ്രിഡ്ജുകൾക്കാണ് ആദ്യം തീപിടിച്ചത്. പിന്നീട് അകത്തേക്ക് പടരുകയായിരുന്നു. പരിസരവാസികളാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്. കടപ്പാക്കടയിൽ നിന്ന് ഉടൻ രണ്ട് യൂണിറ്റ് എത്തി കടയുടെ പൂട്ട് പൊളിച്ച് അകത്തേക്ക് കയറിയാണ് തീ കെടുത്തിയത്. അസഹ്യമായ ചൂട് കാരണം ഫയർഫോഴ്സിന് ആദ്യം കെട്ടിടത്തിലേക്ക് പ്രവേശിക്കാനായില്ല. ഏറെ നേരം വെള്ളമൊഴിച്ച ശേഷമാണ് കെട്ടിടത്തിനടുത്തേക്ക് എത്താനായത്. വഴിയാത്രക്കാർ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്ന് സംശയിക്കുന്നു. ഏറെ നേരം സംസ്ഥാന ഹൈവേയിലൂടെയുള്ള ഗതാഗതം തടസപ്പട്ടു. പൊലീസ് ഇടപ്പെട്ട് ഗതാഗതം വഴിതിരിച്ചു വിട്ടു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി വിച്ഛേദിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL