SignIn
Kerala Kaumudi Online
Thursday, 22 October 2026 4.55 PM IST

കൊല്ലത്തിന് കുന്നോളം സ്വപ്നങ്ങൾ

bala
ബഡ്ജറ്റ്

 കൂടുതൽ വികസന നിർദ്ദേശങ്ങൾ

കൊല്ലം: നേരത്തെ പ്രാഥമിക രൂപമായ വിഴിഞ്ഞം- കൊല്ലം- പുനലൂർ വികസന ത്രികോണം അടക്കം പ്രഖ്യാപിച്ച് കൊല്ലം ജില്ലയ്ക്ക് വലിയ വികസന സ്വപ്നങ്ങൾ സമ്മാനിക്കുന്നതാണ് മന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റ്.

വിഴിഞ്ഞം- കൊല്ലം- പുനലൂർ വികസന ത്രികോണം യാഥാർത്ഥ്യമായാൽ ഏറ്റവുമധികം പ്രയോജനം കൊല്ലം ജില്ലയ്ക്കായിരിക്കും. ദേശീയപാത 66, പുതിയ കടമ്പാട്ടുകോണം- ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേ, നിലവിലുള്ള കൊല്ലം - ചെങ്കോട്ട ഹൈവേ, എം.സി റോഡ്, മലയോര ഹൈവേ, തീരദേശ ഹൈവേ, കൊല്ലം - ചെങ്കോട്ട റെയിൽപാത, തിരുവനന്തപുരം- കൊല്ലം റെയിൽവേ ലൈൻ എന്നിവ വ്യവസായ ഇടനാഴികളായി മാറും. ഇവയോട് ചേർന്നുള്ള പ്രദേശങ്ങൾ സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കും.

ഇടനാഴികളുടെ ഓരത്ത്

 വിവിധോദ്ദേശ പാർക്കുകൾ
 ഉത്പാദന കേന്ദ്രങ്ങൾ
 സംഭരണ സൗകര്യം

 സംസ്കരണ യൂണിറ്റ്

 അസംബ്ലിംഗ് യൂണിറ്റ്

 കയറ്റിറക്ക് കേന്ദ്രങ്ങൾ

ജലപാതയുടെ തീരങ്ങളിൽ

ദേശീയജലപാതയുടെ ആക്കുളം- കൊല്ലം റീച്ച് പ്രത്യേക സാമ്പത്തിക ഇടനാഴിയായി വികസിപ്പിക്കാനുള്ള സ്ഥലം ഏറ്റെടുക്കലിന് പണം നീക്കിവച്ചിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രം, സംയോജിത മത്സ്യപാർക്ക്, കായൽ ടൂറിസം, ബോട്ട് നിർമ്മാണം, റിപ്പയർ യൂണിറ്റ് എന്നിവയാണ് ലക്ഷ്യമിടുന്നത്.ഇതിന് പുറമേ തീരദേശ ഹൈവേയുടെ ഓരത്തും വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹൈഡ്രജൻ റീഫില്ലിംഗ് സ്റ്റേഷൻ, ഇ.വി ചാർജിംഗ് സ്റ്റേഷൻ തുടങ്ങിയവ പ്രഖ്യാപിച്ചിട്ടുണ്ട്.

...................................

കൊല്ലത്തും കൊട്ടാരക്കരയിലും ഐ.ടി പാർക്ക്

കഴക്കൂട്ടം- കണ്ണൂർ ഐ.ടി കോറിഡോർ പദ്ധതിയുടെ ഭാഗമായി നേരത്തെ കൊല്ലത്ത് പ്രഖ്യാപിച്ച ഐ.ടി പാർക്ക് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സ്ഥാപിക്കുമെന്ന് പ്രഖ്യാപനമുണ്ട്. കോർപ്പറേഷനും കിഫ്ബിയും കിൻഫ്രയും തമ്മിൽ ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിടും. 2026ൽ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കും. കൊട്ടാരക്കര രവി നഗറിൽ കല്ലട ജലസേചന പദ്ധതിയുടെ ഭൂമിയിൽ 97,370 ചതുരശ്രയടി വിസ്തീർണമുള്ള ഐ.ടി പാർക്കാകും സ്ഥാപിക്കുക. ഇതിന് കിഫ്ബി നേരത്തെ തത്വത്തിൽ അനുമതി നൽകിയിരുന്നു.

കൊല്ലം ബീച്ചിൽ ജിയോട്യൂബ് ബ്രേക്ക് വാട്ടർ

കൊല്ലം ബീച്ച് സുരക്ഷിതമാക്കുന്നതിനൊപ്പം വിനോദസൗകര്യങ്ങൾക്കും വഴിതെളിക്കാൻ കൊല്ലം കോർപ്പറേഷനും തീരദേശ വികസന കോർപ്പറേഷനും സംയുക്തമായി തയ്യാറാക്കിയ ജിയോട്യൂബ് ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതിക്ക് ബഡ്‌ജറ്റിൽ 5 കോടി നീക്കിവച്ചിട്ടുണ്ട്. തീരത്ത് നിന്ന് 250 മീറ്ററിനപ്പുറം കടലിൽ ജിയോ ട്യൂബ് സ്ഥാപിച്ച് തിര മുറിച്ച് ശക്തികുറയ്ക്കുന്നാണ് പദ്ധതി. ഇങ്ങനെ കൊല്ലം ബീച്ച് കടലെടുക്കുന്നത് കുറയും. തീരത്തിന്റെ വിസ്തൃതിയും വർദ്ധിക്കും.

തിരുവാതിര നഗറിന് പ്രതീക്ഷിക്കാം

ജിയോട്യൂബ് ഓഫ് ഷോർ ബ്രേക്ക് വാട്ടർ സ്ഥാപിച്ച് തീരം സംരക്ഷിക്കാൻ ബഡ്‌ജറ്റിൽ 100 കോടി നീക്കിവച്ചിട്ടുണ്ട്. കൊല്ലം മുണ്ടയ്ക്കലെ തിരുവാതിര നഗറിനെ കടലാക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ഇതിൽ നിന്ന് തുക പ്രതീക്ഷിക്കാം.

കൊല്ലം പോർട്ടിൽ 390 കോടിയുടെ പദ്ധതി

കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതിയിൽ നിന്നുള്ള സഹായത്തോടെ കൊല്ലം പോർട്ടിൽ 190 കോടി ചെലവ് വരുന്ന ബോട്ട് റിപ്പയറിംഗ് യൂണിറ്റും ഫ്ലോട്ടിംഗ് ഡ്രൈ ഡോക്കും സ്ഥാപിക്കാനുള്ള നടപടി മുന്നോട്ടുകൊണ്ടുപോകുമെന്ന പ്രഖ്യാപനമുണ്ട്. ഇതിന് പുറമേ 90 കോടി ചെലവിൽ വാർഫുകളുടെ നീളം കൂട്ടി ബന്ധിപ്പിക്കൽ, 110.33 കോടി ചെലവിൽ ഡ്രഡ്ജിംഗ് എന്നിവ നടപ്പാക്കും.

ഓപ്പൺ യൂണിവേഴ്സിറ്റി കെട്ടിടത്തിന് 30 കോടി

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിന് 30 കോടിയും സർവകലാശാലയുടെ അക്കാഡമിക, വികസന പ്രവർത്തനങ്ങൾക്ക് 9.20 കോടിയും വകയിരുത്തി.

നഗര തീരത്ത് മറീന

കൊല്ലം ബീച്ചിലോ തങ്കശേരിയിലോ മറീന സ്ഥാപിക്കാൻ 5 കോടി വകയിരുത്തി. കൊല്ലത്തെ ആഗോള ടൂറിസം കേന്ദ്രമാക്കുകയാണ് ലക്ഷ്യം.

....................

കശുഅണ്ടി മേഖലയ്ക്ക് 92.36 കോടി

കാഷ്യു കോർപ്പറേഷന് 3.05 കോടി
കാപ്പെക്സിന് 3 കോടി
കശുമാവ് കൃഷി വ്യാപനത്തിന് 6.31 കോടി
കാഷ്യു ബോർഡിന് 41 കോടി
കശുഅണ്ടി മേഖലാ പുനരുജ്ജീവനത്തിന് 30 കോടി
ഉത്പാദന വൈവിദ്ധ്യവത്കരണത്തിന് 5 കോടി
സ്വകാര്യ ഫാക്ടറികൾ സ്ത്രീ സൗഹൃദമാക്കാൻ 2 കോടി
ഇടത്തരം ഫാക്ടറികളുടെ പുനരുജ്ജീവനത്തിന് 2 കോടി

....................

300 കോടിയുടെ ചിത്രങ്ങളുമായി

എ.രാമചന്ദ്രൻ ആർട്ട് ഗാലറി

കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ അന്തരിച്ച ചിത്രകാരൻ എ.രാമചന്ദ്രന്റെ 300 കോടിയോളം രൂപ വിലവരുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തി ആർട്ട് ഗാലറി സ്ഥാപിക്കും. ചിത്രങ്ങൾ കൈമാറാൻ കുടുംബവുമായി ധാരണയായി.

മറ്റ് പ്രഖ്യാപനങ്ങൾ

 ഓഷ്യനേറിയത്തിന് സ്ഥലം ഏറ്റെടുക്കാൻ 20 കോടി

 കൊട്ടാരക്കര ഗണപതി ക്ഷേത്രത്തോട് ചേർന്ന് പിൽഗ്രിം ഹൗസും അമിനിറ്റി സെന്ററും- 5 കോടി

 നീണ്ടകരയിൽ വല നിർമ്മാണ ഫാക്ടറിക്ക് അധികമായി 5 കോടി

 കൊല്ലം പോർട്ടിൽ 190 കോടി ചെലവിൽ ഫ്ലോട്ടിംഗ് ഡ്രൈ ഡോക്ക്

 കൊല്ലം ജില്ലയിൽ വ്യവസായ/ ഫുഡ് പാർക്ക് 5 കോടി

 തങ്കശേരിയിൽ മാരിടൈം മ്യൂസിയം 5 കോടി
 കൊല്ലം ട്രാൻ ഡിപ്പോ നിർമ്മാണത്തിന് 10 കോടി

 ശാസ്താംകോട്ടയിൽ ഇക്കോടൂറിസത്തിന് 1 കോടി

 കൊട്ടാരക്കരയിൽ സയൻസ് മ്യൂസിയം 5 കോടി

 കൊല്ലം ജവഹർ ബാലഭവന് ബഹുനില കെട്ടിടത്തിന് 2 കോടി

 പാരിപ്പള്ളി മെഡി. കോളേജിൽ ഇന്റർവെൻഷണൽ റേഡിയോ ഇമേജിംഗ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL