
3 വർഷത്തിനിടെ ജില്ലയിൽ
200 പേർ മരിച്ചു
കൊല്ലം: ജില്ലയിലെ ജലാശയങ്ങളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണത്തിൽ ഓരോവർഷവും വർദ്ധനവ്. ജലാശയങ്ങളിൽ കുളിക്കാനിറങ്ങി ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം ഈ വർഷം ഇതുവരെ എട്ടായി. കഴിഞ്ഞ വർഷം 115 പേരും 2023 ൽ 77 പേരും ജില്ലയിലെ വിവിധ ജലാശയങ്ങളിലായി മുങ്ങി മരിച്ചു.
അപകടത്തിൽ പെടുന്നതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളും യുവാക്കളുമാണ്. ആയൂർ ഇത്തിക്കരയാറ്റിൽ സുഹൃത്തുക്കൾക്കൊപ്പം കാലുകഴുകാൻ ഇറങ്ങിയ പുനലൂർ സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥി കഴിഞ്ഞമാസം 23 നാണ് മുങ്ങി മരിച്ചത്. കഴിഞ്ഞമാസം 26ന് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ കുന്നിക്കോട് സ്വദേശിയായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും കല്ലടയാറ്റിൽ മുങ്ങിമരിച്ചു. ഇങ്ങനെ സ്കൂൾ, കോളേജ് വിദ്യാർത്ഥികളടക്കം നിരവധിപേർക്കാണ് ജലാശയങ്ങളിൽ ജീവൻ നഷ്ടമാവുന്നത്.
വേനലായതിനാൽ വെള്ളം കുറവാണെന്ന് കരുതിയാണ് നീന്തൽ വശമില്ലാത്തവർ ഉൾപ്പടെ ജലാശയങ്ങളിൽ ഇറങ്ങുന്നത്. ഇവർ അപകടത്തിൽപ്പെടുമ്പോൾ രക്ഷിക്കാൻ ശ്രമിച്ചവരും അപകടത്തിൽപ്പെടുന്നത് പതിവാണ്. പലപ്പോഴും ജലാശയങ്ങളുടെ സ്വഭാവമറിയാതെയുള്ള എടുത്തുചാട്ടങ്ങളാണ് അപകടങ്ങളിലേക്ക് നയിക്കുന്നത്. ജലാശങ്ങളിലെ ആഴം, ചെളി എന്നിവയും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് അധികൃതർ പറയുന്നു.
മരണത്തിലേക്ക് എടുത്തുചാടരുത്
മുതിർന്നവരില്ലാതെ കുട്ടികളെ വെള്ളത്തിൽ നീന്താനോ കുളിക്കാനോ അനുവദിക്കരുത്
ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ മുൻകരുതലുകൾ പാലിക്കണം
അപകട മേഖലകളിൽ വേലി കെട്ടി പ്രവേശനം നിയന്ത്രിക്കണം
നീന്തലറിയാതെയും ലഹരി ഉപയോഗിച്ച ശേഷവും വെള്ളത്തിൽ ഇറങ്ങരുത്
പരിചയമില്ലാത്തതും ഒഴുക്കുള്ളതുമായ ജലാശയങ്ങൾ ഒഴിവാക്കുക
രക്ഷാപ്രവർത്തനത്തിന് പരിശീലനം ലഭിച്ചവർ മാത്രം ഇറങ്ങുക
അപസ്മാരം, ശ്വാസകോശ രോഗങ്ങളുള്ളവർ ജലാശയങ്ങളിൽ ഇറങ്ങരുത്
മുങ്ങിമരണങ്ങൾ (2023, 2024, 2025)
(ഫയർ ഫോഴ്സ് ഓഫീസ്)
കൊല്ലം (കടപ്പാക്കട)-3, 9,1
ചാമക്കട-10,6,1
കുണ്ടറ-7,15,1
കൊട്ടാരക്കര-6,11,0
കരുനാഗപ്പള്ളി-9,6,0
പരവൂർ-4,19,0
കടയ്ക്കൽ-3,3,1
ശാസ്താംകോട്ട-13,11,0
ചവറ-8,10,0
പത്തനാപുരം- 4,10,1
പുനലൂർ-10,15,3
പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തുമെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഇതുവരെയും നടപ്പാക്കിയിട്ടില്ല. വിരലിലെണ്ണാവുന്ന സ്വകാര്യ സ്കൂളുകളിൽ മാത്രമാണ് നീന്തൽ പരിശീലനമുള്ളത്.
നീന്തൽ പരിശീലകർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |