കൊല്ലം: കഴിഞ്ഞ നാല് വർഷത്തിനിടയിൽ കൊല്ലം കോർപ്പറേഷനെ കേരളത്തിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്കാകെ മാതൃകയാക്കിയെന്ന് മേയർ സ്ഥാനം രാജിവയ്ക്കുന്നതിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിൽ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
കൊല്ലത്തെ മഹാനഗരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ കൗൺസിൽ കഴിഞ്ഞ നാലുവർഷം പ്രവർത്തിച്ചത്.
കുരീപ്പുഴ ചണ്ടി ഡിപ്പോയിൽ കഴിഞ്ഞ 75 വർഷമായി കുന്നുകൂടി കിടന്ന 104000 ക്യുബിക് മീറ്റർ മാലിന്യം ബയോമൈനിംഗിലൂടെ നീക്കി കേരളത്തിനാകെ മാതൃകയായി. ഇവിടെ സംസ്ഥാന സർക്കാരുമായി ചേർന്ന് വമ്പൻ ഐ.ടി പാർക്ക് സ്ഥാപിക്കാൻ ധാരണയായി. ഇതിന് പുറമേ ഇവിടെ മാലിന്യത്തിൽ നിന്ന് പ്രകൃതിവാതകം നിർമ്മിക്കുന്ന സി.ബി.ജി പ്ലാന്റ് നിർമ്മിക്കാൻ പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എല്ലുമായി ധാരണയായി. കുരീപ്പുഴയിൽ രണ്ട് കോടി ചെലവിൽ മിറക്കിൾ പാർക്ക് സ്ഥാപിക്കാനുള്ള കോർപ്പറേഷന്റെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു.
ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി പദ്ധതിയിലൂടെ അഷ്ടമുടി കായലിൽ നിന്ന് 200 ടൺ പ്ലാസ്റ്റിക് മാലിന്യം നീക്കി. കായലിലേയ്ക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നത് തടയാൻ തീരത്തെ 100 കുടുംബങ്ങൾക്ക് ബയോ ഡൈജസ്റ്റർ വിതരണം ചെയ്തു. തീരത്തെ 51കടവുകൾ നവീകരിച്ചു. ജലത്തിൽ ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കാൻ മ്യൂസിക്കൽ ഫൗണ്ടന്റെ നിർമ്മാണം ആരംഭിച്ചു. ഏഴ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ ആരംഭിച്ചു. ഗാർഹിക മാലിന്യ സംസ്കരണത്തിന് ബയോ കമ്പോസ്റ്റർ ബിന്നുകൾ വിതരണം ചെയ്തു. ഗാർഹിക ബയോഗ്യാസ് പ്ലാന്റുകളും സബ്സിഡി നിരക്കിൽ നൽകി. ലാൽ ബഹദൂർ സ്റ്റേഡിയത്തിൽ സിൽവർ ജൂബിലി പവലിയൻ നിർമ്മിച്ചു.
നഗരത്തിലെ ജലക്ഷാമത്തിന് പരിഹാരമാകുന്ന 565 കോടിയുടെ ഞാങ്കടവ് കുടിവെള്ള പദ്ധതി അവസാന ഘട്ടത്തിലാണ്. ദ്രവമാലിന്യ സംസ്കരണത്തിന് കുരീപ്പുഴയിൽ 12 എം.എൽ.ഡിയുടെ പ്ലാന്റ് പൂർത്തിയാക്കി. ക്യു.എസ്.എസ് കോളനിയിൽ ചോർന്നൊലിച്ച് കിടന്നിരുന്ന ഭവന സമുച്ചയങ്ങൾ പൊളിച്ചുനീക്കി. കുളിർമ, നീലിമ എന്നീ പുതിയ പുതിയ ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകി. പല മാതൃകാ പദ്ധതികളുടെയും നിർമ്മാണം വിവിധ ഘട്ടങ്ങളിലാണെന്നും പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
മറ്റ് വികസന നേട്ടങ്ങൾ
ആർദ്രകേരളം പുരസ്കാരം തുടർച്ചയായി മൂന്ന് തവണ
മഹാത്മ അയ്യങ്കാളി പുരസ്കാരം തുടർച്ചയായി മൂന്ന് തവണ
മികച്ച മേയർക്കുള്ള എ.പി.ജെ അബ്ദുൾ കലാം പുരസ്കാരം
താമരക്കുളത്ത് കെ.എം.സി മാൾ
കൊല്ലത്തിന് ജൈവ വൈവദ്ധ്യ ഹബ്ബെന്ന അംഗീകാരം
ഭൂമിയില്ലാത്ത കുടുംബങ്ങൾക്ക് ഭൂമിയും വീടും
നിരവധി കുടുംബങ്ങൾക്ക് ലൈഫിലൂടെ വീട്
മാലിന്യപർവതമായിരുന്ന കുരീപ്പുഴയിൽ പുന്തോട്ടം സൃഷ്ടിച്ചു
വിവിധ സ്ട്രീറ്റുകളുടെ നിർമ്മാണ നടപടി തുടങ്ങി
വാട്ടർ മെട്രോക്കായി കേന്ദ്ര സർക്കാരിനെ സമീപിച്ചു
കൊല്ലം ബീച്ചിൽ ഓഫ് ഷോർ ബ്രേക്ക് വാട്ടറിനായി ഇടപെടൽ
നിരവധി തൊഴിൽ പരിശീലന പദ്ധതികൾ
ആമൃത് 1ൽ നിന്ന് 15800 വീടുകളിൽ കുടിവെള്ള കണക്ഷൻ
അമൃത് 2ൽ നിന്ന് കുടിവെള്ള കണക്ഷൻ നൽകിവരുന്നു
പാലങ്ങളെ പ്രകാശപൂരിതമാക്കി
തെരുവ് വിളക്കുകളുടെ സമയബന്ധിത പരിപാലനം
തെരുവുനായ വന്ധ്യംകരണത്തിൽ മാതൃക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |