കൊല്ലം: ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്നതും പ്രത്യേക പരിഗണന ആവശ്യമുള്ളതുമായ 11388 വിദ്യാർത്ഥികൾ സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ കുറവുമൂലം പ്രതിസന്ധിയിൽ.
12 ബ്ളോക്ക് റിസോഴ്സ് സെന്ററുകളിലെ 862 സ്കൂളുകളിലേക്ക് ആകെ 179 സ്പെഷ്യൽ എഡ്യുക്കേറ്റർമാർ മാത്രമാണുള്ളത്. ഒരു സ്പെഷ്യൽ എഡ്യുക്കേറ്റർക്ക് മൂന്നിൽ കൂടുതൽ സ്കൂളുകളുടെ ചുമതല ഏറ്റെടുക്കേണ്ട അവസ്ഥയാണ്. ഇതിനാൽ സ്കൂളുകളിൽ കൃത്യമായി എത്താനോ വിദ്യാർത്ഥികളെ വേണ്ട രീതിയിൽ ശ്രദ്ധിക്കാനോ കഴിയാറില്ല. പരിചിതരല്ലാത്ത അദ്ധ്യാപകർക്ക് ഭിന്നശേഷി കുട്ടികളെ നോക്കുന്നതിൽ പരിമിതികളുണ്ട്. പലേടത്തും ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് ഭിന്നശേഷി വിദ്യാർത്ഥികൾ സ്കൂളിൽ എത്തുന്നത്. ഇത് അവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ സമഗ്രശിക്ഷാ പദ്ധതി വിഹിതം നൽകാത്തതിനാൽ കുട്ടികൾക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണവും നിലച്ചിരിക്കുകയാണ്.
സമഗ്ര ശിക്ഷ പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ എഡ്യുക്കേറ്റർമാരെ നിയമിക്കുന്നത്. ഇവർക്കായി തസ്തിക പോലും ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ല. 2018 ൽ സമഗ്ര ശിക്ഷ പദ്ധതി നിലവിൽ വന്നപ്പോൾ മുതൽ ഒരു വർഷത്തെ കരാർ കാലാവധിക്ക് ശേഷം പുനർനിയമനം നൽകുന്നതാണ് പതിവ്. എല്ലാ വിദ്യാലയങ്ങളിലും സ്പെഷ്യൽ എഡ്യുക്കേറ്റർമാരെ സ്ഥിരമായി നിയമിക്കണമെന്ന് 2021 ഒക്ടോബർ 28ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേആവശ്യം കേരള നിയമസഭയുടെ പതിനഞ്ചാമത് എസ്റ്റിമേറ്റ് കമ്മിറ്റി കഴിഞ്ഞ ജൂലായ് 9ന് ശുപാർശ ചെയ്തതാണ്. എന്നാൽ ഇന്നും താത്കാലിക ജീവനക്കാർ മാത്രമായി തുടരുകയാണ് ഇവർ.
പണമാണ് വിഷയം
ഫണ്ടില്ലാത്തതിനിൽ തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിയില്ല
ശമ്പള പരിഷ്കരണവും തസ്തിക സൃഷ്ടിക്കലും ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്തംബർ 3 മുതൽ 12 വരെ സെക്രട്ടേറിയറ്റിന് മുന്നിൽ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടത്തി
ഉന്നതതല സമിതി രൂപീകരിച്ച് കഴിഞ്ഞ ഡിസംബർ 31നകം റിപ്പോർട്ട് തേടി തുടർ നടപടി സ്വീകരിക്കാമെന്ന് സർക്കാർ ഉറപ്പു നൽകി
ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല
ആകെ സ്കൂളുകൾ-862
സ്പെഷ്യൽ എഡ്യുക്കേറ്റർമാർ-179
എല്ലാ വിദ്യാലയങ്ങളിലും സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ മുഴുവൻ സമയം നിയമിച്ചാൽ കുട്ടികളിലെ പഠന പിന്നാക്ക അവസ്ഥയ്ക്ക് പരിഹാരമാകും. ഒരു വിദ്യാലയത്തിൽ ഒരു സ്പെഷ്യൽ എഡ്യുക്കേറ്റർ പൂർണസമയം ഉണ്ടായിരിക്കണം.
കെ.ആർ.ടി.എ ജില്ല ഭാരവാഹികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |