കൊല്ലം: ഡോ.വന്ദനാദാസിനെ കൊലപ്പെടുത്തിയ പ്രതി സന്ദീപ് തന്നെയും ആശുപത്രിയിൽ വച്ച് ആക്രമിച്ചിരുന്നതായി
സാമൂഹ്യപ്രവർത്തകൻ കോടതിയിൽ മൊഴി നൽകി.
കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജി പി.എൻ.വിനോദ് മുമ്പാകെ കേസിലെ രണ്ടാം സാക്ഷിയും പ്രതിയുടെ സമീപവാസിയുമായ ബിനുവിന്റേതാണ് മൊഴി. സംഭവ ദിവസം പുലർച്ചെ മൂന്നരയോടെ പ്രതി വിളിച്ചതനുസരിച്ച് പൂയപ്പള്ളി പൊലീസ് സ്ഥലത്തെത്തി. പ്രതിയെ സമീപവാസിയുടെ വീട്ടുമുറ്റത്ത് നിന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ താനും പ്രതിയുടെ മറ്റൊരു ബന്ധുവായ രാജേന്ദ്രൻ പിള്ളയും ഒപ്പം പോയി. ആശുപത്രിയിലെത്തിക്കഴിഞ്ഞ് പ്രതി മൂർച്ചയേറിയ കത്രിക ഉപയോഗിച്ച് തന്നെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതായി ബിനു മൊഴി നൽകി.
പ്രതിയെയും പ്രതിയുടെ വസ്ത്രങ്ങൾ,മൊബൈൽ ഫോൺ,കുത്താനുപയോഗിച്ച കത്രിക എന്നിവയും സാക്ഷി തിരിച്ചറിഞ്ഞു. സംഭവസമയത്ത് പൂയപ്പള്ളി സ്റ്റേഷനിൽ ഹോം ഗാർഡായി ജോലി നോക്കിയിരുന്ന അലക്‌സ് കുട്ടിയെ മൂന്നാം സാക്ഷിയായി വിസ്‌തരിച്ചു. പ്രതി തന്നെയും മാരകമായി കുത്തി മുറിവേൽപ്പിച്ചതായി മൊഴി നൽകിയ അലക്‌സ് കുട്ടിയുടെ വിസ്‌താരം ഇന്നും തുടരും. കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്,ശില്‌പ ശിവൻ,ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |