
പള്ളിമൺ: പള്ളിമൺ ഗവ. എച്ച്.എസ്.എസിലെ എസ്.പി.സി കേഡറ്റായ ബിബിൻ കൃഷ്ണന്റെ സമയോചിത ഇടപെടൽ മദ്ധ്യവയസ്കന്റെ ജീവൻ രക്ഷിച്ചു. കുഴഞ്ഞുവീണ് അവശനിലയിലായ അയൽവാസിയായ മദ്ധ്യവയസ്കന് ബിബിൻ കൃഷ്ണൻ പതറാതെ സി.പി.ആർ നൽകുകയായിരുന്നു.
ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബിബിൻ കൃഷ്ണൻ പഠിച്ചുകൊണ്ടിരിക്കെ അയൽവീട്ടിൽ നിലവിളി കേട്ടു. ബിബിനും അച്ഛൻ ബിജുവും അവിടേക്ക് ഓടിച്ചെന്നപ്പോൾ മദ്ധ്യവയസ്കനായ ഗൃഹനാഥൻ നിലത്ത് ചലനമറ്റ് കിടക്കുകയായിരുന്നു. ബിജു ആശുപത്രിയിൽ എത്തിക്കാൻ ഓട്ടോറിക്ഷ വിളിക്കാനായി ഓടി. അപ്പോൾ ബിബിന്റെ മനസിൽ എസ്.പി.സി പരിശീലനത്തിനിടെ പഠിച്ച പ്രാഥമിക ശുശ്രൂഷ പാഠം തെളിഞ്ഞു.
ഒരു നിമിഷം പാഴാക്കാതെ ബിബിൻ സി.പി.ആർ നൽകിയതോടെ ഗൃഹനാഥൻ ശ്വാസമെടുത്ത് തുടങ്ങി. അപ്പോഴേക്കും ഓട്ടോറിക്ഷയെത്തി. ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഡോക്ടർമാർ ആദ്യം ചോദിച്ചത് സി.പി.ആർ നൽകിയിരുന്നോയെന്നാണ്. അയൽവാസിയായ വിദ്യാർത്ഥി സി.പി.ആർ നൽകിയെന്ന് ബന്ധു മറുപടി നൽകി. അവനൊരു വലിയ നന്ദി പറഞ്ഞേക്ക്, കൃത്യസമയത്ത് സി.പി.ആർ നൽകിയതുകൊണ്ടാണ് ജീവൻ നഷ്ടമാകാഞ്ഞതെന്നായിരുന്നു ഡോക്ടറുടെ പ്രതികരണം.
പള്ളിമൺ ചരുവിള പുത്തൻവീട്ടിൽ ബിബിൻകൃഷ്ണൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സ്കൂളിൽ നിന്ന് ലഭിച്ച എസ്.പി.സി ക്ലാസുകളും ജില്ലാ സഹവാസ ക്യാമ്പിൽ നിന്ന് ലഭിച്ച അറിവുകളുമാണ് ഇത്തരം ഒരു ഇടപെടലിന് സഹായിച്ചതെന്ന് ബിബിൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |