കൊല്ലം: തീർപ്പായ കേസിലെ പ്രതിയായിരുന്ന ഗൃഹനാഥനെ, കാര്യമറിയാതെ പഴയ വാറണ്ടിൽ കസ്റ്റഡിയിലെടുത്ത് ചാത്തന്നൂർ പൊലീസ് കുടുക്കിലായി. പള്ളിമൺ മുകളുവിള വീട്ടിൽ അജിയെയാണ് ചാത്തന്നൂർ പൊലീസ് പാതിരാത്രി വീട്ടിൽ കയറി കസ്റ്റഡിയിലെടുത്തത്. സി.ഐ തന്നെയും മകളെയും ഭീഷണിപ്പെടുത്തിയെന്നും വീടിന്റെ വാതിൽ തകർത്തെന്നും ചൂണ്ടിക്കാട്ടി ദൃശ്യങ്ങൾ സഹിതം അജി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഉൾപ്പെടെ പരാതി നൽകി.
അജിയും സമീപവാസിയും തമ്മിൽ 2013ൽ തർക്കമുണ്ടായിരുന്നു. രണ്ട് പേരുടെയും പരാതികളിൽ ചാത്തന്നൂർ പൊലീസ് കേസെടുത്തു. . ഏതാനും മാസം മുൻപ് രണ്ട് പേർക്ക് സമൻസ് വന്നു. ആദ്യ ഹിയറിംഗ് ദിവസങ്ങളിൽ കോടതിയിൽ ഹാജരാകാഞ്ഞതിനാൽ അജിക്ക് പരവൂർ കോടതി വാറണ്ട് പുറപ്പെടുവിച്ചു. അതിന് ശേഷം ബിജു കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. ഒത്തുതീർപ്പിലെത്തിയതോടെ കഴിഞ്ഞമാസം 29ന് രണ്ട് പേരെയും വെറുതെ വിട്ട് കോടതി കേസ് തീർപ്പാക്കി. എന്നാൽ ഇതൊന്നുമറിയാതെ ഒന്നരമാസത്തിലേറെ പഴക്കമുള്ള വാറണ്ടുമായി ബുധനാഴ്ച രാത്രി അജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസുകളുടെ സ്ഥിതി അറിയാൻ കഴിയുന്ന ഇ കോർട്ട് പോർട്ടൽ പരിശോധിച്ചപ്പോൾ കേസ് തീർപ്പായെന്ന് വ്യക്തമായതോടെ പുലർച്ചെ അജിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
കഴുത്തിനുപിടിച്ച് തള്ളി
പലതവണ ചോദിച്ചിട്ടും എന്തിനാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കിയില്ലെന്ന് അജി വ്യക്തമാക്കി. പലതവണ കഴുത്തിന് പിടിച്ച് തള്ളി. ഷർട്ടിടാൻ ആദ്യം അനുവദിച്ചില്ല. പിന്നീട് മകളുടെ മുന്നിൽ വച്ച് അടിവസ്ത്രം ധരിക്കാൻ നിർബന്ധിച്ചെന്നുംപരാതിയിൽ പറയുന്നു. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് അജി അടക്കമുള്ളവരെ ഇന്നലെ കസ്റ്റഡിയിലെടുത്തതെന്നും കേസ് തീർപ്പായ വിവരം കോടതിയിൽ നിന്ന് ലഭിച്ചിരുന്നില്ലെന്നും ചാത്തന്നൂർ സി.ഐ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |