കൊട്ടാരക്കര: കൊട്ടാരക്കര ഫയർ സ്റ്റേഷന്റെ ഗതികേടിന് മാറ്റമില്ല. ഇക്കുറി സംസ്ഥാന ബഡ്ജറ്റിൽ പ്രതീക്ഷയർപ്പിച്ചതും വെറുതെയായി. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ മണ്ഡലത്തിലെ ഫയർ സ്റ്റേഷനാണ് അടിസ്ഥാന വികസനത്തിനുവേണ്ടി കേഴുന്നത്. 2010ൽ ആണ് കൊട്ടാരക്കരയിൽ ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. പുലമൺ പാലത്തിന് സമീപത്തായി കൊട്ടാരക്കര നഗരസഭയുടെ സസ്യമാർക്കറ്റ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് ഫയർ സ്റ്റേഷൻ സ്ഥാപിച്ചത്. മാർക്കറ്റിനുവേണ്ടി ആസ്പറ്റോസ് ഷീറ്റിട്ട് നിർമ്മിച്ച മൂന്നു മുറികളാണ് ഉദ്യോഗസ്ഥരുടെ വിശ്രമസ്ഥലം. വേനൽച്ചൂട് തുടങ്ങിയാൽ ഇതിനുള്ളിൽ ഇരിക്കാൻ കഴിയില്ല. പുതിയ കെട്ടിടം, വാഹനങ്ങൾ, അത്യാധുനിക ഉപകരണങ്ങൾ, വെള്ളമെടുക്കാൻ സൗകര്യം എന്നിവയൊക്കെ ഇവിടെ അടിയന്തിരാവശ്യങ്ങളാണ്. എന്നാൽ അധികൃതർ ഇക്കാര്യം ഗൗരവത്തിലെടുക്കുന്നില്ല.
ഇനി തീ പടരുംകാലം
വേനൽക്കാലം തുടങ്ങിയാൽ കൊട്ടാരക്കര ഫയർഫോഴ്സ് അധികൃതർക്ക് വിശ്രമമില്ല. മിക്ക ദിനങ്ങളിലും തീ പിടുത്തങ്ങൾ റിപ്പോർട്ട് ചെയ്യും.കുറ്റിക്കാടുകളും റബ്ബർ തോട്ടങ്ങളുമൊക്കെ ഏറെയുള്ള പ്രദേശമായതിനാൽ കൊട്ടാരക്കര പരിധിയിൽ തീ പടരുന്ന സംഭവങ്ങൾ കൂടുതലാണ്. പരിമിത സൗകര്യങ്ങളാണെങ്കിലും ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന കാര്യത്തിൽ ഉഷാറാണ്. ഓരോ വർഷവും എത്രയെത്ര കേസുകളിലാണ് ഇവർ രക്ഷാദൗത്യമേറ്റെടുത്ത് വിജയിപ്പിച്ചിട്ടുള്ളത്. ജീപ്പടക്കം അഞ്ച് വാഹനങ്ങളാണുള്ളത്. ഊടുവഴികളിലൂടെ രക്ഷാ പ്രവർത്തനങ്ങൾക്ക് പോകാൻ സംവിധാനമില്ല. ജലാശയങ്ങളിലെ രക്ഷാപ്രവർത്തനങ്ങൾക്ക് സ്കൂബാ ടീമില്ല. പുതിയ ഉപകരങ്ങളുമെത്തുന്നില്ല. വെള്ളത്തിനും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്.
വിശ്രമ മുറി അത്യാവശ്യം
സ്റ്റേഷൻ ഓഫീസർ, അസി.സ്റ്റേഷൻ ഓഫീസർ, എസ്.എഫ്.ആർ.ഒ, എഫ്.ആർ.ഒ, ഡ്രൈവർമാർ, ഹോംഗാർഡ് എന്നിവരടക്കം 35 ജീവനക്കാരാണ് ഫയർ സ്റ്റേഷനിലുള്ളത്. രാവിലെ 8.45ന് ഡ്യൂട്ടി തുടങ്ങുന്നവർക്ക് അടുത്ത ദിവസം രാവിലെ 8.45ന് ആണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങാൻ കഴിയുക. രക്ഷാദൗത്യത്തിന് പോയിവരുമ്പോൾ വിശ്രമിക്കാൻ സ്ഥലവും സൗകര്യവും അനിവാര്യമാണ്. എന്നാൽ ഇവിടെ തട്ടിക്കൂട്ട് സംവിധാനങ്ങളുമായി പൊരുതപ്പെടേണ്ട ഗതികേടാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |