കൊല്ലം: ഡോ. വന്ദനാദാസിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് പ്രതി സന്ദീപ് കുത്തുന്നത് കണ്ടതായി കേസിലെ സാക്ഷികളായ ആശുപത്രി ജീവനക്കാർ കോടതിയിൽ മൊഴി നൽകി. വധക്കേസിലെ സാക്ഷികളായ മിനിമോൾ, പ്രദീപ, രമ്യ എന്നിവരാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പി.എൻ, വിനോദ് മുമ്പാകെ മൊഴി നൽകിയത്.
സംഭവദിവസം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ താൻ ജോലി ചെയ്തുകൊണ്ടിരിക്കെ പ്രതി സന്ദീപ് ഒബ്സർവേഷൻ റൂമിന്റെ മുന്നിൽ വച്ച് ഡോ. വന്ദനയെ തലയ്ക്കും കഴുത്തിനും കുത്തി പരിക്കേൽപ്പിക്കുന്നത് താൻ കണ്ടിരുന്നുവെന്ന് ഹോസ്പിറ്റൽ ജീവനക്കാരിയായ മിനിമോൾ മൊഴി നൽകി. വന്ദനയുടെ നിലവിളി കേട്ട് ഓടിയെത്തിയ കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ഷിബിന്, പ്രതി വന്ദനയെ ആക്രമിക്കുന്ന സ്ഥലം ചൂണ്ടിക്കാണിച്ചത് താനാണെന്നും സാക്ഷി കോടതി മുമ്പാകെ മൊഴി നൽകി. വന്ദനയെ ആക്രമിക്കാൻ ഉപയോഗിച്ച കത്രികയും പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും സാക്ഷി തിരിച്ചറിഞ്ഞു.
പൂയപ്പള്ളി പൊലീസ് പ്രതിയെ ആശുപത്രിയിൽ എത്തിച്ച സമയം കാഷ്വാലിറ്റി ഓഫീസ് കൗണ്ടറിൽ ജോലി നോക്കിയിരുന്ന പ്രദീപയെയും കോടതി മുമ്പാകെ ഇന്നലെ വിസ്തരിച്ചു. ഒ.പി കൗണ്ടറിൽ പ്രതി സന്ദീപ് എന്ന പേരും മേൽവിലാസവും പറഞ്ഞിരുന്നു. ഒ.പി കൗണ്ടറിന്റെ മുൻവശത്ത് വച്ചുതന്നെ പ്രതി ഒരു പൊലീസ് ഉദ്യോഗസ്ഥനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പരിക്കേറ്റ വന്ദനയെ ഡോ. ഷിബിൻ പുറത്തേക്ക് താങ്ങി കൊണ്ടുപോകുന്നതും താൻ കണ്ടു. പ്രതി താനിരുന്ന ഒ.പി കൗണ്ടറിന്റെ മുന്നിൽ വന്ന് ഗ്രില്ലിൽ അടിച്ച് തുറക്കാൻ ശ്രമിച്ചുവെന്നും മൊഴി നൽകി. പ്രതിക്ക് താൻ നൽകിയ ഒ.പി. ടിക്കറ്റും തിരിച്ചറിഞ്ഞു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയിരുന്ന രമ്യയെയും വിസ്തരിച്ചു. പ്രതി ആക്രമണത്തിന് ഉപയോഗിച്ച കത്രിക ഹോസ്പിറ്റലിലെ ആവശ്യത്തിനായി ഡ്രസ്സിംഗ് റൂമിൽ സൂക്ഷിച്ചിരുന്നതാണെന്നു തിരിച്ചറിഞ്ഞ സാക്ഷി, പ്രതി സംഭവം സമയം പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിക്കുന്നത് കണ്ടിരുന്നതായും മൊഴി നൽകി. കേസിലെ തുടർ സാക്ഷി വിസ്താരം ബുധനാഴ്ച നടക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പാ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |