കൊല്ലം: അഷ്ടമുടി കായൽ മലിനീകരണം തടയാനും കൈയേറ്റങ്ങൾ ഒഴിപ്പിക്കാനും ജലത്തിന്റെ നിലവാരം ഉയർത്താനുമുള്ള സംയോജിത പ്രവർത്തനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കേസിലെ എല്ലാ എതിർകക്ഷികളുടെയും സംയുക്ത യോഗം വിളിച്ചുകൂട്ടാൻ ഹൈക്കോടതി ഉത്തരവായി.
കായൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനൊപ്പം കായലിന്റെ പഴയ അതിരുകൾ പുനഃസ്ഥാപിക്കാനും ശുദ്ധീകരിക്കാനും, ജലത്തിന്റെ നിലവാരം വർദ്ധിപ്പിക്കാനും എതിർകക്ഷികളായ കൊല്ലം കോർപ്പറേഷനും വിവിധ പഞ്ചായത്തുകൾക്കും സർക്കാർ വകുപ്പുകൾക്കും നൽകേണ്ട ഉത്തരവുകളെ കുറിച്ച് ഹർജി കക്ഷികളായ അഡ്വ. ബോറിസ് പോൾ, ഹെൽപ്പ് ഫൗണ്ടേഷൻ എന്നിവർ വിശദമായ പത്രിക ഹാജരാക്കണം. ഈ നിർദ്ദേശങ്ങൾ എന്തുകൊണ്ട് നടപ്പിലാക്കിക്കൂടാ എന്ന് എതിർകക്ഷികളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സർക്കാർ വകുപ്പുകളും കോടതിയെ ബോധിപ്പിക്കണമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി.
ഈമാസം 20ന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പായി ഉത്തരവിൽ പറയുന്ന നടപടികൾ പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. കേസിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനിയർ റേച്ചൽ തോമസ് വിശദമായ റിപ്പോർട്ട് ഫയൽ ചെയ്തു. അഷ്ടമുടി കായലിന്റെ അതിര് പങ്കിടുന്ന കൊല്ലം കോർപ്പറേഷന്റെയും 12 ഗ്രാമ പഞ്ചായത്തുകളുടെയും ഭാഗങ്ങളിൽ സർവേ നടത്തിയതായി റിപ്പോർട്ടിലുണ്ട്. മലിനീകരണം അനുവദനീയമായതിലും വളരെ കൂടുതലാണെന്ന് കണ്ടെത്തിയെന്നും മലിനീകരണം അടിയന്തിരമായി തടയാനുള്ള നടപടികൾ നടത്താൻ കോർപ്പറേഷനും പഞ്ചായത്തുകൾക്കും കത്ത് നൽകിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജൈവ-അജൈവ മാലിന്യങ്ങൾ തള്ളുന്നു
പുള്ളിക്കട-അലക്കുകടവ് കോളനി, ശാന്തി നഗർ, ഹരിശ്രീ നഗർ എന്നിവിടങ്ങളിൽ നിന്ന് ഡ്രെയിനേജുകളിലേക്കും അതുവഴി കായലിലേക്കും ജൈവ-അജൈവ മാലിന്യങ്ങൾ കടത്തിവിടുന്നു
അഷ്ടമുടി കായലിലേക്ക് ഒഴുകുന്ന മണിച്ചിത്തോട്, കൊല്ലം തോട്, ടി.എസ് കനാൽ എന്നിവയിൽ എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ സഹായത്തോടെ നടത്തിയ സർവേയിൽ മലിനീകരണ ശ്രോതസുകൾ കണ്ടെത്തി കോർപ്പറേഷന് റിപ്പോർട്ട് ചെയ്തു
അഷ്ടമുടി, തോപ്പിൽകടവ്, കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ, പെരുമൺ, കുണ്ടറ സെറാമിക്സ്, മൺറോത്തുരുത്ത് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |